സംസ്ഥാനത്തെ അണക്കെട്ടുകളിൽ ചെളിയും മണലുമടിഞ്ഞ് സംഭരണശേഷി കുറഞ്ഞത് പ്രളയസാധ്യത വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ. ഇതുമൂലം പല അണക്കെട്ടുകളും പെട്ടെന്നു നിറഞ്ഞു കവിയുന്നു. മണൽ നീക്കാനുള്ള പദ്ധതി ശുപാർശ കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ സ്ഥിതി ചുവടെ.
തിരുവനന്തപുരം
അരുവിക്കര ഡാം: തിരുവനന്തപുരം നഗരത്തിൽ വെള്ളമെത്തിക്കുന്ന അണക്കെട്ടിന്റെ സ്ഥാപിത സംഭരണ ശേഷി 20 ലക്ഷം ഘനമീറ്റർ. ചെളിയടിഞ്ഞു ശേഷി പകുതിയിലധികം കുറഞ്ഞു. ഏറെയും കരയായി മാറിയ അണക്കെട്ടിൽ ഇപ്പോൾ 4 ദിവസത്തേക്കുള്ള വെള്ളമേ സംഭരിക്കാനാവൂ. ചെളി നീക്കിയാൽ ഇത് 8–9 ദിവസമായി ഉയർത്താനാവുമെന്നു ജലവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.
ചെളി നീക്കാൻ 4 കോടി രൂപ 2017 ൽ അനുവദിച്ചിരുന്നു. എന്നാൽ, ചെലവു കൂടുതലാകുമെന്ന കാരണത്താൽ പണി നിർത്തി.
നെയ്യാർ ഡാം: 2016 ൽ നടത്തിയ പരിശോധനയിൽ ഡാമിന്റെ അടിത്തട്ടിൽ 5 മീറ്ററോളം ചെളി അടിഞ്ഞതായി കണ്ടെത്തി.
കൊല്ലം ജില്ല
തെന്മല പരപ്പാർ അണക്കെട്ട്: സംഭരണ ശേഷി 524.3 ദശലക്ഷം മീറ്റർ ക്യൂബ്. ചെളിയടിഞ്ഞ് ഇത് 498 ദശലക്ഷം മീറ്റർ ക്യൂബ് ആയി കുറഞ്ഞു. 2018 ൽ പീച്ചി കേരള ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണു ശേഷിയുടെ 5 % മണ്ണടിഞ്ഞതായി കണ്ടെത്തിയത്. ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള മറ്റൊരു കാരണം കല്ലട പവർ ഹൗസിലെ ജനറേറ്ററുകളിലൊന്ന് തകരാറിലായതാണ്. ഒരു വർഷമായി ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്.
പത്തനം തിട്ട
4 വലിയ ഡാമുകളും 6 ചെറുകിട ഡാമുകളുമാണ് ജില്ലയിലുള്ളത്. ഇതുവരെ മണൽ നീക്കിയിട്ടില്ല.
എറണാകുളം
ഇടമലയാർ അണക്കെട്ട്: സംഭരണശേഷി കുറഞ്ഞിട്ടില്ല. വനമേഖലയായതിനാൽ കാര്യമായി മണൽ ഉണ്ടാകില്ലെന്നും നിഗമനം.
തൃശൂർ
ചിമ്മിനി ഡാം: സംഭരണശേഷി : 151.55 ദശലക്ഷം ഘനമീറ്റർ
ഇപ്പോഴത്തെ ശേഷി: 2019 ലെ പഠനപ്രകാരം 150.42 ദശലക്ഷം ഘനമീറ്റർ. മണൽ നീക്കം ചെയ്തിട്ടില്ല.
വാഴാനി ഡാം:
സംഭരണശേഷി: 18.12 ദശലക്ഷം ഘനമീറ്റർ. ശേഷി കുറഞ്ഞിട്ടുണ്ട്. കൃത്യമായ കണക്ക് ലഭ്യമല്ല
പെരിങ്ങൽകുത്ത് ഡാം:
സംഭരണശേഷി: 32 ദശലക്ഷം ഘനമീറ്റർ. 2019 ലെ കണക്കുപ്രകാരം ശേഷി 27.2 ദശലക്ഷം ഘനമീറ്റർ. ചെളിയും മണലും നീക്കം ചെയ്തിട്ടില്ല.
ഷോളയാർ ഡാം:
സംഭരണശേഷി: 153.48 ദശലക്ഷം ഘനമീറ്റർ. നിലവിലെ ശേഷി അറിയില്ല.
പീച്ചി ഡാം:
സംഭരണശേഷി: 110.43 ദശലക്ഷം ഘനമീറ്റർ. നിലവിൽ 2008 ലെ പഠനപ്രകാരം സംഭരണശേഷി 94.946 ദശലക്ഷം ഘനമീറ്റർ.
പാലക്കാട്
ജില്ലയിൽ അണക്കെട്ടുകളിൽ നിന്നു മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി ആദ്യം നടപ്പാക്കിയത് മംഗലം ഡാമിലാണ്. ഡാമിലെ 3 ദശലക്ഷം ഘനമീറ്റർ ചെളിയും മണ്ണും നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതു പൂർത്തിയായാൽ ഡാമിൽ 300 കോടി ലീറ്റർ ജലം അധികം സംഭരിക്കാനാകുമെന്നാണു കരുതുന്നത്. 2021 ഫെബ്രുവരിയിൽ തുടങ്ങിയ മണ്ണെടുപ്പ് വൈകാതെ നിലച്ചു. കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിട്ടുണ്ട്.
മലമ്പുഴ ഡാമിൽ 2006 ൽ മണൽ നീക്കാൻ തുടങ്ങിയെങ്കിലും താമസിയാതെ നിലച്ചു. ചുള്ളിയാർ, വാളയാർ ഡാമുകളിലും ഇതേ കാലത്ത് മണൽ നീക്കീത്തുടങ്ങി. എന്നാൽ പദ്ധതി മുന്നോട്ടുപോയില്ല.
വയനാട്: കാരാപ്പുഴ, ബാണാസുര ഡാമുകളിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തിട്ടില്ല. മണ്ണു നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കാനുള്ള സർവേ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. പ്രളയകാലത്ത് ബാണാസുരയുടെ വൃഷ്ടിപ്രദേശത്തെ കുന്നുകളിൽനിന്നു മണ്ണിടിഞ്ഞു ഡാമിലെത്തിയിരുന്നു.