സൂഫി സംഗീതവും ഗസലും മനോഹരമായി സമന്വയിച്ചപ്പോൾ വാതുക്കലെത്തിയത് അഞ്ച് പുരസ്‌കാരം. സൂഫിയും സുജാതയും എന്ന ചിത്രത്തിന് പാട്ടിനും പശ്ചാത്തല സംഗീതത്തിനും ശബ്‌ദ മിശ്രണത്തിനും നൃത്ത സംവിധാനത്തിനുമായി അഞ്ച് പുരസ്‌കാരം ലഭിച്ചു.
വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ടിന് എം ജയചന്ദ്രന് സംഗീത സംവിധാനത്തിനും നിത്യ മാമ്മന് ഗായികയ്ക്കുമുള്ള പുരസ്‌കാരം ലഭിച്ചു. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ജയചന്ദ്രനാണ്. ശബ്ദമില്ലാത്ത കേന്ദ്രകഥാപാത്രത്തിന്റെ ആന്തരികലോകം നിത്യ മാമ്മൻ അതിമധുരമായ ആലാപനശൈലിയിലൂടെ ആവിഷ്കരിച്ചുവെന്ന് ജൂറി വിലയിരുത്തി. അജിത് എബ്രഹാം ജോർജിനാണ് ശബ്‌ദമിശ്രണത്തിനുള്ള പുരസ്‌കാരം. നൃത്തസംവിധാന മികവിന് ലളിത സോബിക്കും ബാബു സേവ്യറിനും പുരസ്‌കാരം ലഭിച്ചു.
മറ്റ് പുരസ്‌കാരങ്ങൾ: ഛായാഗ്രാഹകൻ–- ചന്ദ്രു സെൽവരാജ് (കയറ്റം), ചിത്രസംയോജകൻ–-മഹേഷ് നാരായണൻ(സീ യു സൂൺ), കലാസംവിധായകൻ–-സന്തോഷ് രാമൻ(പ്യാലി, മാലിക്), കുട്ടികളുടെ ചിത്രം–- ടോണി സുകുമാറിന്റെ ‘ബൊണാമി’, ബാലതാരം ആൺ–- എസ് നിരഞ്‌ജൻ (കാസിമിന്റെ കടൽ), ബാലതാരം പെൺ–-ആരവ്യ ശർമ (പ്യാലി), കഥാകൃത്ത്–- സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്‌ച നിശ്‌ചയം), സിങ്ക് സൗണ്ട്–-ആദർശ് ജോസഫ് ചെറിയാൻ(സന്തോഷത്തിന്റെ ഒന്നാം രഹസ്യം), പ്രോസസിങ് ലാബ്/കളറിസ്‌റ്റ്–- ലിജു പ്രഭാകർ (കയറ്റം), മേക്കപ്പ്–-റഷീദ് അഹമ്മദ്( ആർട്ടിക്കിൾ 21), വസ്‌ത്രാലങ്കാരം–-ധന്യ ബാലകൃഷ്‌ണൻ (മാലിക്), ശബ്‌ദരൂപകൽപ്പന–- ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ഡബ്ബിങ് ആർട്ടിസ്‌റ്റ് ആൺ–- ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം), ഡബ്ബിങ് ആർട്ടിസ്‌റ്റ് പെൺ–- റിയ സൈറ (അയ്യപ്പനും കോശിയും), വിഷ്വൽ ഇഫക്‌ട്‌സ്–- സര്യാസ് മുഹമ്മദ് (ലൗ). ‘കളക്കാത്ത സന്ദനമേറെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ നാഞ്ചിയമ്മയും ‘ഭാരതപുഴ’യിലെ അഭിനയ മികവിന് സിജി പ്രദീപും ജൂറിയുടെ പ്രത്യേക അവാർഡിന് അർഹരായി.
ഭാരതപുഴയിലെ വസ്‌ത്രാലങ്കാരത്തിന് നളിനി ജമീല പ്രത്യേക ജൂറി പരാമർശം നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് പി കെ സുരേന്ദ്രനും (ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ), ചലച്ചിത്ര ലേഖനത്തിന് ജോൺ സാമുവലും അർഹരായി. തിരക്കഥ (അഡാപ്‌റ്റേഷൻ) വിഭാഗത്തിൽ മികച്ച എൻട്രികൾ ഇല്ലാത്തതിനാൽ ഇത്തവണ അവാർഡില്ല. ഡിസംബറിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ജൂറി ചെയർപേഴ്‌സൻ സുഹാസിനി, അംഗങ്ങളായ പി ശേഷാദ്രി, സി കെ മുരളീധരൻ, മോഹൻ സിതാര, എൻ ശശിധരൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു