30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • മിനിമം വേതന നിർണയരീതി പരിഷ്‌കരിക്കുന്നു; കേന്ദ്രത്തിന്റെ റോൾ കുറഞ്ഞേക്കും.
Kerala

മിനിമം വേതന നിർണയരീതി പരിഷ്‌കരിക്കുന്നു; കേന്ദ്രത്തിന്റെ റോൾ കുറഞ്ഞേക്കും.

മിനിമം വേതനം നിശ്ചയിക്കാനുള്ള വ്യവസ്ഥകൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
ദേശീയതലത്തിൽ ഏകീകൃത മിനിമംവേതനം നടപ്പാക്കുന്നതടക്കമുള്ള ശുപാർശകൾ കേന്ദ്രതൊഴിൽ മന്ത്രാലയം രൂപവത്കരിച്ച ഉപസമിതി പരിഗണിക്കും. സാമ്പത്തികവിദഗ്ധൻ എസ്.പി. മുഖർജി അധ്യക്ഷനായ സമിതിയുടെ ആദ്യയോഗം ഒരാഴ്ചമുമ്പ് ചണ്ഡീഗഢിൽ ചേർന്നു. പുതിയ അധ്യക്ഷൻ ചുമതലയേറ്റശേഷം സമിതി പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂവെന്നും വേതനപരിഷ്‌കാരം സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ നിശ്ചിത സമയമെടുക്കുമെന്നും ഇന്ത്യൻ ലേബർ ബ്യൂറോ ചെയർമാൻ ഐ.എസ്. നേഗി പറഞ്ഞു.

മിനിമം വേതനം നിർണയിക്കുന്നതിൽ നിലവിലെ സമീപനംമാറ്റി ബഹുതലവ്യവസ്ഥാ നിർണയരീതികളാണ് വിദഗ്ധസമിതി കൈക്കൊള്ളുകയെന്ന് അറിയുന്നു. വിവിധ രാജ്യങ്ങളിലെ മിനിമം വേതനരീതികൾ ഉൾക്കൊള്ളിച്ച് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) ആവിഷ്‌കരിച്ച മാർഗരേഖയിൽ ശാസ്ത്രീയസമീപനമില്ലെന്നാണ് മുഖർജിയുടെ വിമർശനം. ഐ.എൽ.ഒ. ചൂണ്ടിക്കാട്ടിയ 129 രാജ്യങ്ങളിലെ മിനിമംവേതന നിർണയരീതികളും ആദ്യയോഗം ചർച്ചചെയ്തു. ജനങ്ങളിൽനിന്നും തൊഴിലാളി യൂണിയനുകളിൽ നിന്നുമുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ളതാണ് ഈ രീതികളെന്നാണ് വിലയിരുത്തൽ.

ജനസംഖ്യാഘടന, ഉപഭോക്തൃരീതി, പോഷകാഹാരലഭ്യത തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചുള്ള നിലവിലെ രീതി അഴിച്ചുപണിഞ്ഞ് പുതിയ മാനദണ്ഡം ആവിഷ്‌കരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ദേശീയതലത്തിൽ ഏകീകൃത മിനിമം വേതനം വേണമോ നിർണയാവകാശം സംസ്ഥാനങ്ങൾക്കു വിടണമോയെന്നൊക്കെ വിദഗ്ധസമിതി പരിശോധിക്കും. കേന്ദ്രത്തിന്റെ പങ്കാളിത്തം ചുരുക്കി സംസ്ഥാനങ്ങൾക്ക് നിർണായകാവകാശം നൽകുന്നതും ആലോചിക്കും. ഇതിനെല്ലാം പുറമേ, നിശ്ചിത കാലയളവിലേക്ക് മിനിമം വേതനം നിശ്ചയിക്കണോയെന്നും ഉപഭോക്തൃ സൂചികപോലെ മറ്റെന്തെങ്കിലുമായി ബന്ധിപ്പിക്കണോയെന്നും പരിഗണിക്കും.

നയങ്ങൾ തൊഴിലാളികളുടെ ജീവിതനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മിനിമംവേതനത്തിലെ വർധന തൊഴിലിനെ എങ്ങനെ ബാധിക്കുമെന്നതും കണക്കിലെടുക്കും. ഉദാഹരണമായി തൊഴിലുടമ ഇപ്പോൾ നൽകുന്നതിനെക്കാൾ കൂടുതലാണ് മിനിമം വേതനമെങ്കിൽ അതുനൽകാൻ അയാൾ ലാഭം കുറയ്‌ക്കേണ്ടി വരികയോ ബിസിനസ് പൂട്ടേണ്ടി വരികയോ ഉണ്ടാവാം. അതൊക്കെ തൊഴിലാളികളെ ബാധിക്കുമെന്നതിനാൽ കൂടിയാണ് ഇങ്ങനെയൊരു പരിശോധനയെന്നും മുഖർജി പറഞ്ഞു. മിനിമം വേതനം വ്യവസായത്തർക്കങ്ങളെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തും. വിവിധ തൊഴിൽ കോഡുകൾ നടപ്പാക്കുന്ന മുറയ്ക്കാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടും കേന്ദ്രസർക്കാർ പരിഗണിക്കുകയെന്നും അറിയുന്നു.

Related posts

വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശിക നൽകരുതെന്ന് നിർദേശം

Aswathi Kottiyoor

കുടിശിക പിരിക്കാതെ വൈദ്യുതി ബോർഡ്

Aswathi Kottiyoor

കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം: പ്രതിഷേധം തുടരുന്നു, സംഘര്‍ഷം.*

Aswathi Kottiyoor
WordPress Image Lightbox