കണ്ണൂര്‍: ഫുൾ എപ്ലസ് വാങ്ങിച്ചിട്ടും പ്ലസ് വൺ ഏകജാലക പ്രവേശത്തിനായുള്ള രണ്ടാം ലോട്ട്മെന്റിലും സീറ്റ് ലഭിക്കാതെ കണ്ണൂർ ജില്ലയിൽ നിരവധി വിദ്യാർഥികൾ. ഫുള്‍ എ പ്ലസ് വാങ്ങിയ 40 ശതമാനത്തോളം വിദ്യാർഥികളാണ് സീറ്റില്ലാതെ പ്രതിസന്ധിയിലായത്. പല വിദ്യാർഥികൾക്കും ഇഷ്ടപ്പെട്ട വിഷയം കിട്ടിയില്ലെന്നു മാത്രമല്ല സീറ്റേ ലഭിക്കാത്ത അവസ്ഥയാണ്. മറ്റു ജില്ലകളിൽ ഡി പ്ലസ് വാങ്ങിയ വിദ്യാർഥികൾക്കുപോലും സീറ്റ് ലഭിച്ചപ്പോൾ കണ്ണൂരിൽ എ പ്ലസ് വാങ്ങിച്ചിട്ടും വിദ്യാർഥികൾ പടിക്കു പുറത്താണ്.
ഫുൾ എ പ്ലസിന് പുറമെ നീന്തൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും കമ്യൂണിറ്റി കോട്ടയിൽ അപേക്ഷ നൽകിയിട്ടും പലർക്കും സീറ്റ് ലഭിച്ചില്ലെന്ന് രക്ഷിതാക്കളുടെ വാട്സ് ആപ് കൂട്ടായ്മയായ വിദ്യാഭ്യാസ അവകാശ കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളും നൽകിയിട്ടും സർക്കാരിൽനിന്ന് അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഇവരുടെ പരാതി.
ജനപ്രതിനിധികള്‍ക്കടക്കം നിവേദനം നല്കി ഉപരോധം, വഴിതടയല്‍ തുടങ്ങിയ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ അവകാശ കൂട്ടായ്മയുടെ നീക്കം. 11,883 വിദ്യാര്‍ഥികളാണ് സീറ്റു ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇത്തവണ ജില്ലയിലെ ഹയര്‍സെക്കൻഡറി സീറ്റുകളെക്കാള്‍ ഇരട്ടി വിദ്യാര്‍ഥികളാണ് പ്ലസ്വണ് പ്രവേശനത്തിന് അപേക്ഷിച്ചത്.
ഇത്രയും അപേക്ഷകര്‍ക്ക് നല്‍കാനുള്ള സീറ്റുകള്‍ നിലവിൽ ജില്ലയിലില്ല. ആകെ 25,406 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. 37,289 പേരാണ് ഇത്തവണ ഏകജാലക സംവിധാനം വഴി സീറ്റുകള്‍ക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ 18517 പേര്‍ക്ക് ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 6868 വിദ്യാര്‍ഥികള്‍ക്കുകൂടി സീറ്റ് ലഭിച്ചു. ജില്ലയില്‍ 21 സീറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. നിലവിൽ 13,200 സയന്‍സ്, 9050 കൊമേഴ്സ്, 5800 ഹ്യുമാനിറ്റീസ് എന്നിങ്ങനെയാണ് പ്ലസ് വണ്‍ സീറ്റുകള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചാലും സീറ്റ് ക്ഷാമം പരിഹരിക്കപ്പെടില്ലെന്നാണ് നിലവിലെ കണക്കുകള്‍ നല്കുന്ന സൂചനകള്‍. ബാച്ചുകൾ വർധിപ്പിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പാരലല്‍ കോളജുകളെയും ഓപ്പണ്‍ സംവിധാനത്തെയും ആശ്രയിക്കേണ്ടിവരും.
എസ്എസ്എല്‍സി വിജയശതമാനത്തില്‍ റെക്കോര്‍ഡ് നേട്ടമായിരുന്നു ഇത്തവണ കണ്ണൂരില്‍. പരീക്ഷയെഴുതിയ 34,481 വിദ്യാർഥികളായിരുന്നു ഉപരിപഠന യോഗ്യത നേടിയത്. ഇതില്‍ 11,816 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും കരസ്ഥമാക്കി. ജില്ലയിലെ സീറ്റുകളുടെ ക്ഷാമം കാരണം എസ്എസ്എല്സിക്കാർക്കുപോലും സീറ്റ് നല്കാന് സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനുപുറമെ സിബിഎസ്ഇ, ഐസിഎസ്ഇ വിജയികളും ഗള്ഫില്നിന്നുള്ളവരും പ്ലസ് വണ്ണിന് ജില്ലയില്‍ അപേക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള സീറ്റുകള്‍ക്കു പുറമെ 20 ശതമാനം സീറ്റുകള്‍ വര്‍ധിക്കുമ്പോള്‍ 5100 സീറ്റുകളാണ് ജില്ലയില്‍ വര്‍ധിക്കുക. അപ്പോഴും ആറായിരത്തിലധികം അപേക്ഷകര്‍ക്ക് സീറ്റ് ലഭിക്കാനിടയില്ല. 20 ശതമാനം വർധനവ് വരുമ്പോള്‍ ഒരു ക്ലാസില്‍ത്തന്നെ വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടിയുംവരും. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ക്ലാസില്‍ ഇത്രയും വിദ്യാര്‍ഥികളെ ഇരുത്തി എങ്ങനെ അധ്യയനം സാധ്യമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.
previous post