കണ്ണൂർ: ഇന്ന് ലോക തപാല്ദിനവും 11 മുതല്‍ 17 വരെ ദേശീയ തപാല്വാരവും പ്രമാണിച്ച് കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എല്ലാ തപാല്‍ ഓഫീസുകളിലും തപാല്‍ സേവന മേളകളും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യത്തോടുകൂടിയ ആധാര്‍ സേവന ക്യാമ്പുകളും നടത്തും. ഒൻപത് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ നടക്കുന്ന ചടങ്ങ് രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
11ന് ബാങ്കിംഗ് ദിനം, 12ന് പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ദിനം, 13ന് ഫിലാറ്റലി ദിനം, 14ന് ബിസിനസ് ഡവലപ്മെന്റ് ദിനം, 16ന് മെയില്‍സ് ദിനം എന്നിങ്ങനെയാണ് പരിപാടികള്‍.
ഭൗമസൂചിക പദവിയുള്ള കൈപ്പാട് അരി വിഷയമാകുന്ന പ്രത്യേക കവര്‍ തപാല്വാരത്തോടനുബന്ധിച്ച് പുറത്തിറക്കും. പരമ്പരാഗതവും നൂതനവുമായ തപാല്‍ സേവനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കടന്നപ്പള്ളി, കയരളം വില്ലേജുകള്‍ കേന്ദ്രീകരിച്ച് സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നിവയുടെ സമാഹരണവും മയ്യില്‍, ചെറുകുന്ന്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ ആധാര്‍ ക്യാമ്പുകളും നടത്തും.