കോവിഡ് അടച്ചിടലിലെ പ്രതിസന്ധി മറികടന്ന് കണ്ണൂർ വിമാനത്താവളം വികസനക്കുതിപ്പിലേക്ക്. വിദേശ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒമ്പതാം സ്ഥാനം നേടിയതിന് പിന്നാലെ രാജ്യാന്തര ചരക്കുനീക്കവും വലിയ വിമാന സർവീസും ഒക്ടോബറിൽ തുടങ്ങും. ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ചിലൂടെയുള്ള രാജ്യാന്തര ചരക്കു നീക്കത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതിനായി ട്രയൽ റൺ നടത്തുകയാണ്. പൂർത്തിയായാൽ അന്തിമ വിജ്ഞാപനം ഇറങ്ങും. കാർഗോ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്യും.
5,800 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ളതാണ് ചരക്ക് സൂക്ഷിപ്പുകേന്ദ്രം. 55,000 മെട്രിക് ടൺ ചരക്ക് കൈകാര്യംചെയ്യാം. പ്രവർത്തനം തുടങ്ങുന്നതോടെ കണ്ണൂർ കൈത്തറി, പഴം–- പച്ചക്കറി, വയനാട്ടിലെയും കുടകിലെയും സുഗന്ധദ്രവ്യങ്ങൾ, മൈസൂരു, ഗൂഡല്ലൂർ മേഖലയിലെ പൂക്കൾ തുടങ്ങിയവ ആകാശമാർഗം കടൽകടക്കും. ഒമ്പതംഗ എയർ കസ്‌റ്റംസാണ് നീക്കം നിയന്ത്രിക്കുക.
ഇനി വലിയ വിമാനത്തിൽ പറക്കാം
വൈഡ് ബോഡി എയർക്രാഫ്‌റ്റ് സർവീസ് 16ന് കണ്ണൂരിൽ ആരംഭിക്കും. ബഹ്‌റൈനിലേക്കാണ് 258 സീറ്റുള്ള എയർ ഇന്ത്യയുടെ ബോയിങ് 787–-8 വിമാനം സർവീസ് നടത്തുക. ശനി പകൽ 12ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 1.15ന് ബഹ്‌റൈനിൽ എത്തി രാത്രി 11.35ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. 2022 മാർച്ച് 26 വരെയുള്ള സർവീസാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്.
വിദേശ വിമാന സർവീസിന് കാത്തിരിപ്പ്
വിദേശ കമ്പനികളുടെ വിമാന സർവീസിന് അനുമതിക്ക് കാത്തിരിക്കുകയാണ് കണ്ണൂർ. കോവിഡ് അടച്ചിടലിൽ വന്ദേഭാരത് മിഷനിലും ചാർട്ടഡ് വിമാനങ്ങളായും നിരവധി വിദേശവിമാനങ്ങൾ ഇറങ്ങിയിരുന്നു. എത്തിഹാദ്, ജസീറ, എയർ അറേബ്യ, ഗൾഫ് എയർ, ഒമാൻ എയർ, സലാം എയർ, സൗദി എയർലൈൻ, ഫ്ലൈ ദുബായ് തുടങ്ങിയ വലിയ വിദേശ വിമാനങ്ങൾ ഇറങ്ങി റൺവേ ബോയിങ് വിമാനങ്ങൾക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞിരുന്നു.
previous post