കൂത്തുപറമ്പ്: നഗരത്തിലെ റോഡുകൾക്ക് ഇരു വശത്തുമുള്ള അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി പോലീസ്. ഇത്തരത്തിൽ പാർക്ക് ചെയ്ത വാഹനങ്ങളുടെ ടയർ ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സിഐ ബിനു മോഹൻ, എസ്ഐ കെ.ടി. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പാർക്ക് ചെയ്ത വാഹനങ്ങളുടെ ടയർ ലോക്ക് ചെയ്യുകയും ലോക്ക് ചെയ്തതിന്റെ കാരണം വ്യക്തമാക്കുന്ന നോട്ടീസ് പതിക്കുകയും ഉടമകളിൽ നിന്നും 500 രൂപ ഫൈൻ ഈടാക്കുകയുമാണ് ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ നാല് ചക്ര വാഹനങ്ങൾക്കെതിരെയാണ് നടപടി. വാഹന ഉടമകൾ പിഴ നൽകിയ ശേഷമാണ് ടയറിന്റെ ലോക്ക് പോലീസ് നീക്കം ചെയ്ത് കൊടുക്കുന്നത്.
വരും ദിവസങ്ങളിലും ഈ നടപടി തുടരാനാണ് പോലീസിന്റെ തീരുമാനം.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരസഭയും പോലീസും ചേർന്ന് നേരത്തെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി സബ് ട്രഷറി റോഡ്, ബീവറേജസ് റോഡ് എന്നിവ വൺവേ ആക്കിയിരുന്നു.
previous post