ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ മേഖലയില്‍ പുലിയിറങ്ങിയതായി സംശയം. വനമേഖലയില്‍നിന്ന് ഏഴു കിലോമീറ്ററോളം മാറിയുള്ള ജനവാസ മേഖലയിലാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടെത്തിയത്. മൂന്ന് മാസത്തിനിടെ പലതവണ നാട്ടുകാരില്‍ ചിലര്‍ ജീവിയെ കണ്ടു .മൂന്നുദിവസം മുമ്ബ് മൂന്നുമാസം പ്രായമായ ആടിനെ കടിച്ചുകൊന്നിരുന്നു. നിരങ്ങന്‍പാറ മേഖലയിലാണ് കുറച്ചുദിവസമായി പുലിയുടെ സാന്നിധ്യമുള്ളതായി സംശയമുയര്‍ന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് നിരങ്ങന്‍പാറ പുല്ലാനിപറമ്ബില് കെ.എസ്. സുനിലിെന്റ വീടിന് സമീപം പുലിയെ അടുത്തുകണ്ടത്. മേഖലയില്‍ കൃഷിയിടത്തില്‍ ഉള്‍പ്പെടെ പലഭാഗങ്ങളിലും പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകള് കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.മേഖലയില്‍ പുലിയുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും എന്നാല്‍, പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള മറ്റെന്തോ ജീവി മേഖലയില്‍ ഉള്ളതായി സംശയിക്കുന്നതായും കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നരോത്ത് പറഞ്ഞു. മേഖലയില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.