പരിസ്ഥിതി വിഷയങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രിംകോടതി. കേരളത്തില്‍ ജനവാസ മേഖലയില്‍നിന്ന് ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാറും ക്വാറി ഉടമകളും കോടതിയെ സമീപിച്ചിരുന്നു.
സര്‍ക്കാരിന്റേയും ക്വാറി ഉടമകളുടെയും വാദം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. മുംബൈ ബിഎംസി കോര്‍പറേഷനിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസും ഇന്ന് പരിഗണിച്ചിരുന്നു. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാരിന്റേയും ക്വാറി ഉടമകളുടെയും കേന്ദ്ര സര്‍ക്കാരിന്റേയും ബിഎംസി കോര്‍പറേഷന്റേയുമെല്ലാം വാദങ്ങള്‍ സുപ്രീം കോടതി കേട്ടിരുന്നു. പാരിസ്ഥിതിക വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ഹരിത ട്രൈബ്യൂണലിനു അധികാരമില്ലായെന്നായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വാദിച്ചിരുന്നത്.
എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. കേരളത്തില്‍ ജനവാസ മേഖലയില്‍നിന്ന് ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയത് ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലൂടെയാണ്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നതോടെ ക്വാറിയുടെ ദൂരപരിധി 200 മീറ്ററായി തന്നെ തുടരും.