പ്രളയകാലത്ത് ധർമടം തീരത്ത് കടലിൽ ഉറച്ചുപോയ പഴയ കപ്പൽ പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ശക്തമായ കാറ്റിലും തിരയിലും പെട്ട് ധർമടം തീരത്ത് ചെളിയിൽ പൂണ്ടു പോയ കപ്പൽ രണ്ടു വർഷമായി ഇവിടെ കടലിൽ കിടക്കുകയാണ്. കപ്പൽ പൊളിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികളും വിദഗ്ധ തൊഴിലാളികളും എത്തിത്തുടങ്ങിട്ടുണ്ട്.
ദിവസങ്ങൾക്കകം കപ്പൽ പൊളിച്ചുനീക്കൽ പ്രവൃത്തി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അർധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള (സിൽക്ക്) യാണ് കപ്പൽ പൊളിക്കൽ ജോലി ഏറ്റെടുത്തിരിക്കുന്നത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കഴിയാവുന്നിടത്തോളം കരയിലേക്ക് വലിച്ചടുപ്പിച്ച ശേഷമാണ് പൊളിക്കുക. പ്രളയകാലത്ത് മാലദ്വീപിൽനിന്ന് അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് “ഒഴിവാലി’ എന്ന പഴയ ചരക്കുകപ്പൽ തിരകളിൽ ആടിയുലഞ്ഞ് നീങ്ങി ധർമടം തീരത്തെത്തിയത്.
തീരത്തുനിന്ന് 500 മീറ്റർ അകലെ മണലിൽ ഉറച്ചുനിൽക്കുന്ന കപ്പൽ ഇവിടെനിന്ന് ഇളക്കിമാറ്റി അഴീക്കലിലെത്തിക്കാൻ ബലൂൺ സാങ്കേതിക വിദ്യയുടെയും ഖലാസികളുടെയും സഹായത്തോടെയും ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണ് കടലിൽ വച്ചുതന്നെ പൊളിക്കാൻ തീരുമാനിച്ചത്. അതിനിടെ പഴകിയ കപ്പൽ പൊളിക്കുമ്പോൾ മാരകവിഷമുള്ള രാസവസ്തുക്കൾ കടലിലും പിന്നെ കരയിലേക്കും എത്തുമെന്ന ആശങ്കയിൽ കപ്പൽ പൊളി വിരുദ്ധ സമരസമിതിയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്.