27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തടവുകാർക്കു കൂട്ടത്തോടെ ശിക്ഷയിളവ്: 1 വർഷം വരെ ഇളവ്; പുറത്തിറങ്ങാനാവുക ചുരുക്കം പേർക്ക്.
Kerala

തടവുകാർക്കു കൂട്ടത്തോടെ ശിക്ഷയിളവ്: 1 വർഷം വരെ ഇളവ്; പുറത്തിറങ്ങാനാവുക ചുരുക്കം പേർക്ക്.

ജയിലിലെ തടവുകാർക്കു കൂട്ടത്തോടെ ശിക്ഷയിളവ് നൽകാൻ സർക്കാർ ഒരുങ്ങുന്നു. 75–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശിക്ഷയിൽ 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് നൽകാനാണ് ആലോചന. മാനദണ്ഡവും തടവുകാരുടെ പട്ടികയും തയാറാക്കാൻ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോടു മുഖ്യമന്ത്രി നിർദേശിച്ചു. ഇന്നലത്തെ കണക്കു പ്രകാരം 3175 പേരാണു സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷാത്തടവുകാരായുള്ളത്. ഇതിൽ പകുതിപ്പേർക്കെങ്കിലും ഇളവു ലഭിക്കുമെങ്കിലും ഹ്രസ്വകാലത്തേക്കു ശിക്ഷിക്കപ്പെട്ടവർക്കു മാത്രമേ ജയിൽമോചനത്തിനു വഴി തെളിയൂ.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1850 തടവുകാർക്കു ശിക്ഷയിളവ് നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. 2262 പേർക്കു ഇളവ് നൽകാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്തെടുത്ത തീരുമാനമാണ് ഒന്നാം പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. 1850 പേരെ ഉൾപ്പെടുത്തി പട്ടിക പരിഷ്കരിച്ചു. ഇവർക്കു കേരളപ്പിറവിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഇളവു നൽകാനും തീരുമാനിച്ചു. എന്നാൽ നിയമാനുസൃതമാണോ എന്നു സംശയിച്ച് അന്നത്തെ ഗവർണർ പി.സദാശിവം പട്ടിക തിരിച്ചയച്ചു. പിന്നീട് 739 പേരുടെ പട്ടികയാക്കി. എന്നാൽ ഹൈക്കോടതി ഇടപെടുകയും കോടതിയുടെ അനുമതിയോടെ മാത്രമേ ഇളവ് നൽകാവൂവെന്നു നിർദേശിക്കുകയും ചെയ്തു. ഇതോടെ സർക്കാർ പട്ടിക മരവിപ്പിച്ചു. ഈ പട്ടികയിലെ അഞ്ഞൂറോളം പേർ ഇപ്പോഴും ജയിലിലുണ്ട്. വിവിധ ഘട്ടങ്ങളിൽ ആഭ്യന്തരവകുപ്പ് ഈ ഫയൽ പരിശോധിച്ചിരുന്നെങ്കിലും ഇളവ് നടപ്പായില്ല.

ഈ സാഹചര്യത്തിലാണ്, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത ആഭ്യന്തര വകുപ്പ് ഉന്നതരുടെ യോഗത്തിൽ ‘ആസാദി കാ അമൃത് മഹോത്സവ’ത്തോടനുബന്ധിച്ചു ശിക്ഷയിളവ് നൽകാമെന്ന ആലോചന വന്നത്. പുതിയ പട്ടിക തയാറാക്കുന്ന പശ്ചാത്തലത്തിൽ 2016ൽ തുടങ്ങിയ പഴയ ഫയലിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നു ജയിൽ വകുപ്പ് സർക്കാരിനോടു ശുപാർശ ചെയ്തിട്ടുണ്ട്. വിവിധ വിശേഷദിവസങ്ങളോടനുബന്ധിച്ച് എല്ലാ സർക്കാരുകളും പ്രത്യേക ശിക്ഷയിളവ് നൽകാറുണ്ടെങ്കിലും പിണറായി സർക്കാരിന്റെ കാലത്ത് ആദ്യമാണ്.

ആർക്കൊക്കെ ഇളവ് ?

നല്ല നടപ്പും ജോലിയും പരിഗണിച്ച് എല്ലാ മാസവും ജയിൽ സൂപ്രണ്ടുമാർ നാലു ദിവസം സാധാരണ ശിക്ഷയിളവ് നൽകാറുണ്ട്. ഇതിൽപെട്ടവരെ മാത്രമേ പ്രത്യേക ശിക്ഷയിളവിനു പരിഗണിക്കുകയുള്ളൂ. എന്നാൽ സ്ഥിരം കൊലപാതകികൾ, വാടകക്കൊലയാളികൾ, രാജ്യദ്രോഹത്തിനു ശിക്ഷ ലഭിച്ചവർ, സ്ത്രീകളെയും കുട്ടികളെയും വയോധികരെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ, ലഹരിമരുന്നു കേസിൽപെട്ടവർ എന്നിവർക്ക് ഇളവിന് അർഹതയില്ല.

മാനദണ്ഡം ഇങ്ങനെ

2016ലെ പട്ടിക തയാറാക്കിയപ്പോൾ 15 ദിവസം മുതൽ ഒരു വർഷം വരെയായിരുന്നു ശിക്ഷയിളവ്. മൂന്നു മാസത്തെ ശിക്ഷയ്ക്കു 15 ദിവസം, 3–6 മാസത്തെ ശിക്ഷയ്ക്ക് ഒരു മാസം, 6–12 മാസത്തെ ശിക്ഷയ്ക്കു രണ്ടുമാസം, 1–2 വർഷത്തെ ശിക്ഷയ്ക്കു മൂന്നു മാസം, 2–5 വർഷത്തെ ശിക്ഷയ്ക്കു നാലു മാസം, 5–10 വർഷത്തെ ശിക്ഷയ്ക്ക് അഞ്ചു മാസം, ജീവപര്യന്തം ശിക്ഷയ്ക്ക് ഒരു വർഷം.

Related posts

കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ.

Aswathi Kottiyoor

സർക്കാർ സ്ഥാപനങ്ങളിലെ ഇന്റേണൽ വിജിലൻസ് സെല്ലുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ജെ​സി​ബി പു​ര​സ്‌​കാ​രം ഖാ​ലി​ദ് ജാ​വേ​ദി​ന്

Aswathi Kottiyoor
WordPress Image Lightbox