28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്മുന്നിൽ ‘ചാരമായി’ ഫെയ്സ്‌ബുക്ക്‌ ; ആറു മണിക്കൂറിൽ നടന്നത് അസാധാരണ പ്രതിഭാസം.
Kerala

കണ്മുന്നിൽ ‘ചാരമായി’ ഫെയ്സ്‌ബുക്ക്‌ ; ആറു മണിക്കൂറിൽ നടന്നത് അസാധാരണ പ്രതിഭാസം.

ഇന്റർനെറ്റ് എന്ന മഹാസാഗരത്തിലെ ഏറ്റവും വലിയ കപ്പൽവ്യൂഹമാണ് ഫെയ്സ്ബുക്. ഇൻസ്റ്റഗ്രാം, വാട്സാപ്, ഫെയ്സ്‌ബുക് എന്നീ മൂന്ന് സമൂഹമാധ്യമ സേവനങ്ങളാണ് ഇന്റർനെറ്റിനെയാകെ നിർവചിക്കുന്നത് എന്നുപോലും പറയാം. ഈ കപ്പൽവ്യൂഹം തിരകളിൽപ്പെടുന്നതും അൽപനേരത്തേക്ക് കാഴ്ചയിൽ നിന്നു മറയുന്നതും അപൂർവമായെങ്കിലും സംഭവിക്കുന്നതാണ്. എങ്കിലും ഇന്റർനെറ്റിന്റെ കരുത്ത് അറിയിച്ച് ഏതു കൊടുങ്കാറ്റിലും ഇളകാതെ, ഒരു കടൽക്കൊള്ളക്കാരനും പിടികൊടുക്കാതെ എന്നും ഇവയൊക്കെ ആ മഹാസാഗരത്തിൽ ഉലയാതെ നിൽക്കുന്നതാണ് കഴിഞ്ഞ 10 വർഷമായി ലോകം കണ്ടിട്ടുള്ളത്. ഇന്നലെ ആ ചരിത്രം അവസാനിച്ചു. ഇന്റർനെറ്റ് സാങ്കേതികത്വങ്ങൾ അടിസ്ഥാനമാക്കി പറഞ്ഞാൽ, മഹാസാഗരത്തിൽനിന്ന് ഫെയ്സ്ബുക്കിന്റെ കപ്പൽ അപ്രത്യക്ഷമായി, ആറു മണിക്കൂർ നേരത്തേക്ക്. ഇത് അസാധാരണമാണ്. ഫെയ്സ്ബുക് എന്ന കമ്പനിക്ക് എന്തു സംഭവിച്ചു എന്നുപോലും വിശദീകരിക്കാൻ കഴിയാത്ത ആശങ്കയുടെ 6 മണിക്കൂറുകൾ. മുൻപ് ഒരു മണിക്കൂർ വരെ ഫെയ്സ്ബുക് സേവനങ്ങൾ മുടങ്ങിയപ്പോഴൊക്കെ പ്രശ്നം എന്താണെന്നത് ഏറെക്കുറെ വ്യക്തമായിരുന്നു. ഇന്നലെ അങ്ങനെയായിരുന്നില്ല.
പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്ത വിധം വേൾഡ് വൈഡ് വെബിൽനിന്ന് ഫെയ്സ്ബുക്ക് അപ്രത്യക്ഷമായി. ലളിതമായി പറഞ്ഞാൽ, ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സേവനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കണക്‌ഷനുകളെല്ലാം ഫെയ്സ്ബുക് സ്വയം വിച്ഛേദിക്കുകയായിരുന്നു. സിലിക്കൺ വാലിയിലെ ഐടി വിദഗ്ധരെ അമ്പരപ്പിച്ചതും ഈ അസാധാരണ പ്രതിഭാസം ആയിരുന്നു.
ഫെയ്സ്ബുക്കിനെ മുക്കിയ ‘മഞ്ഞുമല’

ഇന്ത്യൻ സമയം ഒക്ടോബർ 4 രാത്രി 9.09. സാൻഫ്രാൻസിസ്കോയിലെ ക്ലൗഡ്ഫ്ലെയർ എന്ന കമ്പനിയുടെ ഓഫിസിൽ സമയം രാവിലെ 11.39. നെറ്റ്‌വർക് ട്രാഫിക്കിൽ അസാധാരണമായതെന്തോ കണ്ട എൻജിനീയർമാർ അമ്പരന്നു. ഫെയ്സ്ബുക് എൻജിനീയർമാരിലാരോ കമ്പനിയുടെ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോളിൽ (ബിജിപി) അപ്ഡേറ്റ് നടത്തിയിരിക്കുന്നു. ബിജിപി എന്നാൽ, ഫെയ്സ്ബുക് സേവനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ കവാടമാണ്. ആ കവാടത്തിലേക്കുള്ള റൂട്ട്മാപ് പിന്തുടർന്നാണ് ലോകമെങ്ങുമുള്ള ഫെയ്സ്ബുക് ഉപയോക്താക്കൾ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ബിജിപിയിൽ അപ്ഡേറ്റ് വരുത്തുക എന്നാൽ, അതീവഗുരുതരമായ എന്തോ സംഭവിച്ചു എന്നാണർഥം. കോടിക്കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു മഹാപാത, തിരക്കേറിയ സമയത്തു പൊടുന്നനെ കൊട്ടിയടച്ച പ്രതീതി. ഓരോ നിമിഷത്തിലും ഈ പാതയിലെ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ഫെയ്സ്ബുക് ഏറ്റവും തിരക്കേറിയ സമയത്ത് ഗേറ്റ് അടയ്ക്കുക എന്നു വച്ചാൽ, അതിന് ഒരർഥമേയുള്ളൂ, ഫെയ്സ്ബുക്കിൽ എന്തോ വലിയ കുഴപ്പം സംഭവിച്ചിരിക്കുന്നു. രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഇന്റർനെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രം രക്ഷപ്പെടാൻ കഴിയുന്ന അതിമാരകമായ സൈബർ ആക്രമണം, അല്ലെങ്കിൽ സ്വന്തം സെർവറുകളിൽ ഫെയ്സ്ബുക് നടത്തിയ വളരെ പ്രധാനമായ ഒരു അപ്ഡേറ്റ് പാളിപ്പോയിരിക്കുന്നു.

ക്ലൗഡ്‌ഫ്ലെയർ എൻജിനീയർമാർ ആശയക്കുഴപ്പത്തിലായി. ഇന്റർനെറ്റിലെ ഏറ്റവും ശക്തമായ കണ്ടന്റ് ഡെലിവറി, ഡിഡിഒഎസ് സുരക്ഷാ സേവനമായ ക്ലൗഡ്ഫ്ലെയർ അറിയാതെ ഫെയ്സ്ബുക്കിന്റെ എന്നല്ല, ഒരു കമ്പനിയുടെയും ഇന്റർനെറ്റ് ട്രാഫിക്കിൽ ഒന്നും സംഭവിക്കില്ല. ഫെയ്സ്ബുക് പോലെയുള്ള വൻമരങ്ങൾ ഉൾപ്പെടെ കോടിക്കണക്കിനു വെബ്സൈറ്റുകൾക്ക് സുരക്ഷ ഒരുക്കുന്ന ക്ലൗഡ്ഫ്ലെയർ സൈബർ ആക്രമണങ്ങളിൽനിന്ന് അവയെ സംരക്ഷിക്കുകയും അവയുടെ ഇന്റർനെറ്റ് ട്രാഫിക് അനുനിമിഷം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക് ട്രാഫിക്കിലെ മാറ്റത്തിൽ ആദ്യം ആശങ്കപ്പെടേണ്ടതും ക്ലൗഡ്ഫ്ലെയർ തന്നെ.

ഫെയ്സ്ബുക് ട്രാഫിക്കിലെ അസാധാരണത്വം നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഒരു മഹാപ്രവാഹം കൺമുന്നിൽ അപ്രത്യക്ഷമാകുന്നത് ക്ലൗഡ്ഫ്ലെയർ എൻജിനീയർമാർ കണ്ടത്. ക്ലൗഡ്ഫ്ലെയർ എൻജിനീയർമാരായ ടോം ട്രിക്സ്, സെൽസോ മർട്ടീഞ്ഞോ എന്നിവരുടെ വാക്കുകളിൽ പറഞ്ഞാൽ ഫെയ്സ്ബുക് കൺമുന്നിൽ ചാരമായി മാറുകയായിരുന്നു. വിശദമായ പരിശോധനയിൽ, കുഴപ്പത്തിന്റെ ഉത്തരവാദിത്തം തങ്ങളുടേതല്ലെന്നും ഫെയ്സ്ബുക് ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണത്തിനിരയായിട്ടില്ലെന്നും ക്ലൗഡ്ഫ്ലെയർ തിരിച്ചറിഞ്ഞു. എന്നാൽ, ഫെയ്സ്ബുക് സ്വയം ഇന്റർനെറ്റിൽ നിന്ന് വിച്ഛേദിച്ചെന്നും തങ്ങളുടെ സെർവറുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന 350 കോടി ഉപയോക്താക്കളെ അന്ധരകാരത്തിലാഴ്‍ത്തി എവിടെയോ അപ്രത്യക്ഷമായെന്നും വിശ്വസിക്കുക എളുപ്പമായിരുന്നില്ല.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഫെയ്സ്ബുക് സേവനങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപാണ് കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സിബിഎസ് ചാനലിലെ ‘60 മിനിറ്റ്സ് ഓൺ സൺഡേ’ എന്ന പരിപാടിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടൽ ഉൾപ്പെടെയുള്ള വിവാദങ്ങളിലേക്കു വെളിച്ചം വീശിയ കേബ്രിജ് അനലിറ്റിക്ക വിവാദം മുതൽ ഫെയ്സ്ബുക്കിന്റെ വിനാശകരമായ ഇടപെടലുകളെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തുന്ന, അതുവരെ ‘അജ്ഞാതയായിരുന്ന’ ഈ 37കാരി ടിവി ചാനലിൽ സ്വന്തം പേരിൽ നേരിട്ടു പ്രത്യക്ഷപ്പെട്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

ഫെയ്സ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തുനിന്നുള്ള ആഭ്യന്തര രേഖകളുടെ പിൻബലത്തോടെയായിരുന്നു ഫ്രാൻസെസിന്റെ വെളിപ്പെടുത്തലുകൾ. കേവലം ആരോപണങ്ങൾ മാത്രമായിരുന്നില്ല അത്. അക്രമത്തിനും, വെറുപ്പിനും, വ്യാജപ്രചാരണങ്ങൾക്കുമെതിരെ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ഫെയ്സ്ബുക്കിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന ആയിരക്കണക്കിനു രേഖകൾ യുഎസ് നിയമവകുപ്പിനും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിനും കൈമാറിയ ഫ്രാൻസെസ് ടിവി അഭിമുഖത്തിൽ ആരോപണങ്ങൾ അടിവരയിട്ടു.

വെറുപ്പും നുണയും അക്രമങ്ങളും ഫെയ്സ്ബുക് പ്രോൽസാഹിപ്പിക്കുന്നു, ഇവയിലൂടെ കമ്പനി വരുമാനമുണ്ടാക്കുന്നു. സമൂഹത്തിന്റെ നന്മയും സുരക്ഷയും അപകടത്തിലാക്കി കമ്പനി ലാഭം കൊയ്യുന്നു. ലോകനന്മയോ സ്വന്തം നന്മയോ തിരഞ്ഞെടുക്കേണ്ടി വന്നപ്പോഴൊക്കെ ഫെയ്സ്ബുക് സ്വന്തം നന്മ തിരഞ്ഞെടുത്തു. കമ്പനിയുടെ ലാഭക്കൊതി ലോകത്ത് കലാപങ്ങൾക്കും വംശഹത്യകൾക്കും വഴിവച്ചുകൊണ്ടിരിക്കുന്നു- തുടങ്ങിയവയായിരുന്നു ഫ്രാൻസെസിന്റെ ആരോപണങ്ങൾ. ഫെയ്സ്ബുക്കിനെതിരെ അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്നു മുറവിളി ഉയർന്നു, അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അഭിമുഖം സംപ്രേഷണം ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ ഫെയ്സ്ബുക്കിനെതിരെ അടുത്ത വെളിപ്പെടുത്തൽ എത്തി. 150 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ അടങ്ങുന്ന ഡേറ്റ ഡാർക് വെബിൽ വിൽപനയ്ക്കു വച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തിയത് ഹാക്കർ സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഒരാൾതന്നെയായിരുന്നു. പ്രൈവസി അഫയേഴ്സ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിലാണ് ഫെയ്സ്ബുക്കിൽനിന്നു ഡേറ്റ ചോർന്നതും ഡാർക് വെബ്ബിൽ എത്തിയതും. 10 ലക്ഷം പേരുടെ ഡേറ്റയ്ക്ക് വില 5000 ഡോളർ. ഗുരുതരമായ ഈ രണ്ട് ആരോപണങ്ങൾക്കും ഫെയ്സ്ബുക് നൽകിയ മറുപടിയായിരുന്നു ഈ ‘അപ്രത്യക്ഷമാകൽ’ എന്നു ചിലരൊക്കെ സംശയിച്ചു.

തിരയിളക്കത്തിൽ ഉലഞ്ഞ് നെറ്റ്‌വർക്കുകൾ

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവ നിശ്ചലമായി ഒരു മണിക്കൂറായപ്പോഴേക്കും ഇന്റർനെറ്റ് ട്രാഫിക്കിൽ അതിന്റെ തിരയിളക്കങ്ങൾ കണ്ടുതുടങ്ങി. വാട്സാപ് സ്വകാര്യതാനയം വിവാദമായ മാർച്ച്, എപ്രിൽ മാസങ്ങളിൽ ഉണർന്ന സിഗ്നൽ മെസഞ്ചറിലേക്ക് ഉപയോക്താക്കൾ ഇരച്ചുകയറി. ആപ്പ് ഡൗൺലോഡുകളുടെ എണ്ണം വർധിച്ചു. ഫെയ്സ്ബുക് വീഴ്ചയെപ്പറ്റി ചർച്ച ചെയ്യാനും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉണ്ടാക്കിയ ശൂന്യത നികത്താനും ആളുകൾ ട്വിറ്ററിൽ സജീവമായി. ടിക്‌ടോക്, ടെലഗ്രാം എന്നിവയിലും തിരക്കേറി. ഇതിന്റെ ഫലമായി ഈ സേവനങ്ങളുടെ വേഗം കുറഞ്ഞു.

ട്വിറ്ററിൽ ട്വീറ്റുകൾ തുറക്കാനുള്ള സമയം 2 സെക്കൻഡിൽ നിന്ന് 10 സെക്കൻഡ് വരെ വർധിച്ചു. ഗൂഗിൾ സേവനങ്ങൾക്കെല്ലാം ചെറുതായി വേഗം കുറഞ്ഞു. ആശയവിനിമയത്തിനായി വാട്സാപ്പിനെ ഉപയോഗിച്ചിരുന്നവർ പെട്ടെന്ന് ഫോൺ കോളുകളിലേക്കു മാറിയതോടെ ലോകത്തിന്റെ പല ഭാഗത്തും മൊബൈൽ സേവനം തകരാറിലായി. റുമേനിയയിൽ ഫെയ്സ്‌ബുക് നിശ്ചലമായതിനു തൊട്ടുപിന്നാലെ ഒരേ സമയം 2 മൊബൈൽ സേവനദാതാക്കൾ കൂടി പണിമുടക്കി. നോർവെയിൽ ടെലിയ നെറ്റ്‌വർക്കിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. രാജ്യാന്തര കേബിൾ ശൃംഖലയിലെ തകരാർ മൂലം ലോകം മുഴുവൻ കണക്ടിവിറ്റി പ്രശ്നമാണെന്ന് ആശങ്കയും അഭ്യൂഹങ്ങളും വ്യാപിക്കാൻ ഇതു കാരണമായി.

ഫെയ്സ്ബുക്കിൽ സ്നോ ഡേ, സിഗ്നലിലേക്ക് ക്ഷണിച്ച് സ്നോഡൻ

തണുപ്പുരാജ്യങ്ങളിൽ മഞ്ഞുവീഴ്ച മൂലം ഓഫിസുകൾക്കും സ്കൂളുകൾക്കും അവധിനൽകുമ്പോൾ അതിനെ ‘സ്നോ ഡേ’ എന്നാണു വിശേഷിപ്പിക്കാറുള്ളത്. വീട്ടിനുള്ളി തന്നെ കഴിയാം, വൈദ്യുതി പോലും ഉണ്ടായെന്നുവരില്ല. ഫെയ്സ്ബുക്ക് ജീവനക്കാർക്ക് തിങ്കളാഴ്ച ‘സ്നോ ഡേ’ ആയിരുന്നു. മഞ്ഞുവീഴ്ചയല്ല, സെർവറുകളെ ഇന്റർനെറ്റിൽനിന്നും വിച്ഛേദിച്ച അ‍ജ്ഞാതമായ ആ മഞ്ഞുമലയാണ് ജീവനക്കാർക്ക് ഓഫിസിനുള്ളിൽ ഒരവധി ദിനം നൽകിയത്. ഫെയ്സ്ബുക് സേവനങ്ങൾ ലോകത്താകെ നിശ്ചലമായതുപോലെത്തന്നെ ഫെയ്സ്ബുക് ഓഫിസുകളുടെ പ്രവർത്തനവും നിശ്ചലമായി.ഏഴാം മണിക്കൂറിൽ മടക്കം

ആറു മണിക്കൂറിലേറെ ഓഫ്‍ലൈൻ ആയിരുന്ന ശേഷമാണ് ഫെയ്സ്ബുക് ബിജിപി വീണ്ടും സജീവമായത്. ഇതോടെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. തകരാർ സംബന്ധിച്ച് ഫെയ്സ്ബുക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ക്ലൗഡ്ഫ്ലെയർ എൻജിനീയർമാർ നേരത്തേ മനസ്സിലാക്കിയ വിശദീകരണം തന്നെയാണ് നൽകിയിരുന്നത്. ആഭ്യന്തര സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റമാണ് കമ്പനിയെ വലിയ നാണക്കേടിലാക്കിയ പ്രതിസന്ധിക്ക് കാരണമെന്നും കുറിപ്പിൽ പറയുന്നു.
\

Related posts

അംഗീകാരമില്ലാത്ത സ്​കൂളുകള്‍ 1354; കൂടുതല്‍ പാലക്കാടും തിരുവനന്തപുരത്തും

Aswathi Kottiyoor

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

Aswathi Kottiyoor

മാലിന്യപെട്ടിയിൽ ഭക്ഷണം തിരഞ്ഞ യുവാവിനെ ഏറ്റെടുത്തു

Aswathi Kottiyoor
WordPress Image Lightbox