പേരാവൂർ: സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ കോഓപറേറ്റിവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാർക്ക് പണം നൽകിയില്ലെന്ന പരാതിയിൽ ഭരണസമിതി അംഗങ്ങളും ഇടപാടുകാരും തമ്മിലുള്ള ചർച്ചയിൽ താൽക്കാലിക പരിഹാരം. ബാങ്ക് സെക്രട്ടറിയുടെ സ്വത്തുക്കൾ ഈടുനൽകാമെന്ന വ്യവസ്ഥയിലാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.
കാലാവധി കഴിഞ്ഞിട്ടും ചിട്ടി പണം ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സൊസൈറ്റിക്കുമുന്നിൽ ഇടപാടുകാർ പ്രതിഷേധത്തിലായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഭരണസമിതി അംഗങ്ങൾ ഇടപാടുകാരുമായി ചർച്ച നടത്തിയതിനുശേഷം ഉചിതമായ തീരുമാനമെടുക്കാം എന്ന ഉറപ്പിന്മേലായിരുന്നു വ്യാഴാഴ്ച ഇടപാടുകാർ പിരിഞ്ഞുപോയത്. വെള്ളിയാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ബാങ്ക് സെക്രട്ടറിയുടെ വീടും സ്ഥലവും ഈട് നൽകാമെന്ന വ്യവസ്ഥയിലാണ് താൽക്കാലിക പരിഹാരം ഉണ്ടായത്. ഇടപാടുകാർക്ക് ആറുമാസത്തിനകം പണം നൽകാമെന്നും വ്യവസ്ഥയിലുണ്ട്. ഇതിനായി ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടിശ്ശിക നിവാരണം അടക്കമുള്ള നടപടികൾ ഊർജിതപ്പെടുത്താനും ആവശ്യമെങ്കിൽ ബാങ്കിെൻറ സ്വത്തുക്കൾ വിൽപന നടത്തി കുടിശ്ശിക തീർക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിനും ചർച്ചയിൽ തീരുമാനമായി.
ചർച്ച ഫലം കണ്ടതോടെ രണ്ടുദിവസമായി ബാങ്കിനു മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്ക് താൽക്കാലിക വിരാമമായി.
കോടികളുടെ ക്രമക്കേട് നടന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ചിട്ടിപ്പണം തിരികെ കിട്ടാത്തതിൽ ക്ഷുഭിതരായ ഇടപാടുകാർ സൊസൈറ്റിക്ക് മുന്നിൽ വ്യാഴാഴ്ച എട്ടുമണിക്കൂറോളം കുത്തിയിരിപ്പ് സമരവും ഉപരോധവും നടത്തിയിരുന്നു. 2000 രൂപ വീതം 50 മാസം അടക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും പലർക്കും പണം കിട്ടിയില്ലെന്നാണ് പരാതി ഉയർന്നത്. നറുക്ക് കിട്ടിയവർ തുടർന്ന് പണം അടക്കേണ്ടതില്ലാത്ത ചിട്ടിയിൽ ഏകദേശം 700ലധികം അംഗങ്ങളെ ചേർത്തിട്ടുണ്ടെന്നാണ് പറയുന്നത്. 2017ൽ ആരംഭിച്ച ചിട്ടി 2021 ആഗസ്റ്റ് 15ന് അവസാനിച്ചു. ഇതിൽ 50 പേർക്ക് നറുക്കെടുപ്പിലൂടെ പണം നൽകിയിട്ടുണ്ട്.
ഇനിയും 350ലധികം പേർക്ക് ചിട്ടിപ്പണം കിട്ടാനുണ്ടെന്ന് ഇടപാടുകാർ പറയുന്നു. ആഗസ്റ്റ് 16 മുതൽ ബാക്കിയുള്ളവർക്ക് പണം ലഭിക്കാതായതോടെ ഇടപാടുകാർ പേരാവൂർ എസ്.എച്ച്.ഒക്ക് പരാതി നൽകി. മൂന്ന് കോടിയിലധികം ക്രമക്കേട് നടന്നതായി ആരോപിച്ച്, നിക്ഷേപിച്ച ചിട്ടിപ്പണം തിരികെ ലഭിക്കാതെ പിന്മാറില്ലെന്ന് നിക്ഷേപകർ നിലപാടെടുത്തു. ഇടത് ഭരണം നടക്കുന്ന പേരാവൂർ കോഓപറേറ്റിവ് ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ക്രമക്കേടിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയതോടെയാണ് ചർച്ചയും പരിഹാര നിർദേശങ്ങളും ഉരുത്തിരിഞ്ഞതും സമരത്തിന് താൽക്കാലിക വിരാമമായതും.