കണ്ണൂർ: ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന കോവിഡ് രോഗികൾക്ക് ആദ്യ ദിവസങ്ങളിൽത്തന്നെ മോണോ ക്ലോണൽ ആന്റിബോഡി ചികിത്സ നൽകുന്നത് രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുമെന്ന് ആരോഗ്യവിദഗ്ധർ. കണ്ണൂർ ജിംകെയർ ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ. ടി.പി. രാകേഷ്, ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. മുജീബ് റഹ്മാൻ എന്നിവർ കോവിഡും ആന്റബോഡി ചികിത്സയും എന്ന വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് ന്യൂമോണിയ ബാധിച്ച് രോഗിയുടെ ഓക്സിജൻ ലെവൽ താഴുന്നതിന് മുന്‍പു തന്നെ വൈറസ് ലോഡ് കുറയ്ക്കാനായാൽ അത്യാഹിത വിഭാഗത്തിലെത്താതെ രോഗികളെ രക്ഷിക്കാമെന്ന് ഡോ. രാകേഷ് പറഞ്ഞു. ആന്റിബോഡി ചികിത്സ വൈറല്‍ ലോഡ് കുറയ്ക്കാന്‍ ഏറെ സഹായകമാണ്.ആദ്യ രണ്ട് തരംഗങ്ങളുടെ സമയത്ത് ഇത്തരം ചികിത്സകൾക്കുള്ള മാർഗനിർദേശങ്ങൾ ഡോക്ടർമാരുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മോണാക്ലോണൽ ആന്റിബോഡി തെറാപ്പി പോലെയുള്ള ചികിത്സാരീതികൾ വന്നുകഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ കോവിഡ് ചികിത്സാ മാർഗനിർദേശങ്ങളിൽ ഇത് ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഫലപ്രദമായ സമയത്ത് ഇത്തരം ചികിത്സകൾ നിർദേശിക്കുകവഴി നിരവധി രോഗികളെ മരണത്തിൽനിന്നു രക്ഷിക്കാനായെന്നും ഡോ. രാകേഷ് പറഞ്ഞു.
വൃക്ക, കരൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, അമിതവണ്ണം എന്നിവയുള്ളവരെയും രോഗപ്രതിരോധശേഷി കുറവുള്ളവരെയുമാണ് ഹൈ റിസ്ക് കാറ്റഗറിയായി പരിഗണിക്കുന്നതെന്ന് ഡോ. മുജീബ് റഹ്മാൻ പറഞ്ഞു. ബാക്ടീരിയയോ വൈറസോ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കപ്പെട്ടാൽ അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡി പ്രോട്ടീൻ ഉത്പാദിപ്പിക്കും. ശരീരത്തിലേക്കു പ്രവേശിക്കുന്ന ആന്റിജനുകളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്നതാണ് ആന്റിബോഡികൾ. ഈ ആന്റബോഡി കൃത്രിമമായി ലാബിൽ സൃഷ്ടിക്കുന്നതാണ് മോണോക്ലോണൽ മരുന്നെന്നും ഡോ. മുജീബ് റഹ്മാന് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ആന്റിബോഡി ചികിത്സ സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വൈറസിലെ സ്പൈക്ക് പ്രോട്ടീനാണ് ഇവിടെ ആന്റിജൻ. ഈ പ്രോട്ടീനാണ് ശരീരത്തിലെ കോശങ്ങളിലേക്ക് വൈറസ് കടക്കാൻ കാരണമാകുന്നത്. കോശങ്ങളുമായുള്ള സ്പൈക്ക് പ്രോട്ടീനുകളുടെ ഈ കൂടിച്ചേരൽ തടയുക എന്നതാണ് മോണോക്ലോണൽ ആന്റിബോഡിയുടെ ജോലി. കോവിഡ് ബാധിച്ച ഒരാളുടെ ശരീരത്തിൽ ആന്റിബോഡി സ്വാഭാവികമായി രൂപപ്പെടാൻ സമയമെടുക്കും.
എന്നാൽ ഇവിടെ വളരെ പെട്ടെന്നുള്ള ആന്റിബോഡി ഉത്പാദനത്തിനാണ് ഈ കോക്ടെയിൽ സഹായിക്കുക. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഹൈ റിസ്ക് കാറ്റഗറിക്കാർക്ക് മുന്‍കരുതല്‍ എന്നനിലയില്‍ ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുമെന്നും ഡോ. മുജീബ് റഹ്മാന് പറഞ്ഞു.