കേളകം ഗ്രാമപഞ്ചായത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി തുടക്കം കുറിച്ച ഗ്രാമ പഞ്ചായത്തിന്റെ ആദ്യ വികസന പദ്ധതിയായ പാലുകാച്ചി ടൂറിസം പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ടിന് അംഗീകാരമായി. ഇക്കോ ടൂറിസം പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഡി മനോജ്‌കുമാറിന്റെ നേതൃത്വത്തിൽ പാലുകാച്ചി സന്ദർശിച്ച് തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ വിനോദ്കുമാർ ഐ എഫ് എസ് പരിശോധിച്ച് അംഗീകാരം നൽകിയിരുന്നു . തുടർന്ന് ഗ്രാമ പഞ്ചായത്തുകളുടെ അഭിപ്രായം തേടാൻ സി സി എഫ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 2 മണിക്ക് സി സി എഫിന്റെ സാന്നിധ്യത്തിൽ കണ്ണൂർ വനം വകുപ്പ് ആസ്ഥാനത്ത് ഇക്കോ ടൂറിസം ഡയറക്ടർ ആർ എസ് അരുൺ, കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വികസന സമിതി അംഗങ്ങൾ എന്നിവർ യോഗം ചേർന്ന് പ്രൊജക്റ്റ് റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്തുകൾ പ്രൊജക്റ്റ് സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കും. സംസ്ഥാന ഗവണ്മെന്റിന്റെ അംഗീകാരം വൈകാതെ നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നു . ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി പാലുകാച്ചി ടൂറിസം പദ്ധതി നടപ്പാകുന്നതോടെ കേളകം കൊട്ടിയൂർ പഞ്ചായത്തുകളിൽ വൻ വികസനത്തിനാണ് വഴി തെളിയുന്നത്.