കേളകം: കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് വനംവകുപ്പ് കണ്ണൂർ ജില്ലയിലും നടപ്പാക്കി തുടങ്ങി. തളിപ്പറമ്പ് റേഞ്ചിൽ ആറെണ്ണത്തിനെയും കൊട്ടിയൂർ റേഞ്ചിൽ ഒന്നിനെയുമാണ് കൊന്നത്. എന്നാൽ ഇപ്പോൾ നടത്തുന്ന പ്രഹസനം കേന്ദ്രനിർദേശം അട്ടിമറിക്കാനും കർഷക സംഘടനകൾ ഹൈക്കോടതിയിൽനിന്ന് നേടിയെടുത്ത അനുകൂല വിധി തടയാനും വേണ്ടിയാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കത്തയച്ച കേരള വനംവകുപ്പിന് പഞ്ചായത്തുകൾക്ക് അധികാരം കൈമാറി ഈ വിഷയം പരിഹരിക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടി. 2011 മുതൽ തങ്ങൾ ഇത്തരത്തിൽ പഞ്ചായത്തുകൾക്ക് കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം കൈമാറി നടപടികൾ ആരംഭിച്ചെന്നും എന്നാൽ ഇതുകൊണ്ടും ഈ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്നുമാണ് വനംവകുപ്പ് മറുപടി നൽകിയത്. കഴിഞ്ഞ ജൂലൈ എട്ടിന് കേന്ദ്രം വീണ്ടും കത്തു നൽകി. 2011 മുതൽ ഇത്തരത്തിൽ പഞ്ചായത്തുകൾ തോറും നടപ്പാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്ന് റിപ്പോർട്ട് നൽകണമെന്നായിരുന്നു ആവശ്യം.
കാട്ടുപന്നിയെ ഉപാധിരഹിതമായി വേട്ടയാടാൻ അനുമതി നൽകിയാൽ തങ്ങളുടെ അധികാര പരിധി കുറഞ്ഞുപോകുമെന്നും പിന്നീട് കാർഷിക വിളകൾക്കും മനുഷ്യനും ഉപദ്രവമാകുന്ന മറ്റു ജീവികളെയും ഇത്തരത്തിൽ കൊല്ലേണ്ടിവരുമെന്നും വനംവകുപ്പ് കരുതി. ഇതു തടയാനാണ് ഇപ്പോൾ ഈ കാട്ടുപന്നി വേട്ടയാടൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്നാണ് ആരോപണം.