കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരമായി. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് (സൗരോര്‍ജ്ജ തൂക്ക് വേലി) സ്ഥാപിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന സമഗ്ര പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 15നകം പഞ്ചായത്ത് തല യോഗം ചേര്‍ന്ന് ഒക്ടോബര്‍ 20ന് ഡിപിആര്‍ സമര്‍പ്പിക്കണം. കാട്ടാനയുടെ ആക്രമണത്തില്‍ മരണവും അപകടങ്ങളും കൃഷിനാശവും നിത്യ സംഭവമാകുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
ആനകളുടെ കടന്നു വരവിനെ പ്രതിരോധിക്കുന്നതിനായി അടിയന്തര ഇടപെടല്‍ എന്ന നിലയില്‍ ഹാങിങ് ഫെന്‍സിങ്ങ് ഫലപ്രദമാണെന്നാണ് കുടുതല്‍ പേരും യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ആനമതില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ താരതമ്യേന ചെലവ് കുറവും കാല തടസമില്ലാതെ നിര്‍മ്മിക്കാനും കഴിയുന്നതാണിത്. പയ്യാവൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇരിക്കൂര്‍ ബ്ലോക്കും സംയുക്തമായി 34 ലക്ഷം രൂപ ചെലവഴിച്ച് ആറു കിലോ മീറ്റര്‍ ചുറ്റളവില്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് നടപടിയായി. ഇതിനു മുന്നോടിയായി ഒക്ടോബര്‍ അവസാനത്തോടെ ജനകീയ പങ്കാളിത്തത്തില്‍ 16 കി.മീ വനാതിര്‍ത്തിയിലെ കാടു മൂടിയ ഭാഗങ്ങള്‍ വെട്ടിത്തെളിക്കും. ആറളം ഫാമില്‍ പലര്‍ക്കായി പതിച്ചു നല്‍കിയ സ്ഥലങ്ങളില്‍ പലതും ഉപയോഗശൂന്യമായി കാടുമൂടി കിടക്കുകയാണ്. ഇവിടെയാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്. കലക്ടറുമായി ചര്‍ച്ച ചെയ്ത് ഫാമില്‍ കൃഷി ചെയ്യാത്തതും വാസയോഗ്യമല്ലാത്തതുമായ സ്ഥലങ്ങള്‍ ഏറ്റെടുത്ത് കാടുവെട്ടി തെളിക്കുന്ന കാര്യവും ആലോചിക്കും. കാട്ടുമൃഗങ്ങളെ തുരത്തുന്നതിനായി വനം വകുപ്പിന്റെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലവില്‍ അംഗസംഖ്യ കുറവാണ്. അതു കൊണ്ട് മറ്റ് സേനയുടെ സഹായത്തിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഫെന്‍സിങ്ങ് വന മേഖലയില്‍ സ്ഥാപിക്കാതെ വനാതിര്‍ത്തിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ചാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃത്യമായ അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയുമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആറളം പുനരധിവാസ മേഖലയില്‍ എസ്ടി ഫണ്ട് 22 കോടി ഉപയോഗിച്ച് 10.5 കിലോമീറ്റര്‍ ആനമതിലും 3.5 കിലോമീറ്റര്‍ റെയില്‍ വേലി നിര്‍മ്മിക്കുന്നതിന് പിഡബ്ല്യുഡിക്ക് 11 കോടി കൈമാറിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ കെ കെ രത്‌നകുമാരി, സെക്രട്ടറി വി ചന്ദ്രന്‍, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി സന്തോഷ് കുമാര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി രാജന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.