21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സര്‍ക്കാര്‍ ശമ്പളം വാങ്ങി ‘ക്രിമിനലുക’ള്‍ ജോലി ചെയ്യേണ്ട; ശിക്ഷിക്കപ്പെട്ടാല്‍ ജോലി തെറിക്കും.
Kerala

സര്‍ക്കാര്‍ ശമ്പളം വാങ്ങി ‘ക്രിമിനലുക’ള്‍ ജോലി ചെയ്യേണ്ട; ശിക്ഷിക്കപ്പെട്ടാല്‍ ജോലി തെറിക്കും.

കുറ്റകൃത്യങ്ങളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരും സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സ്വാധീനമുപയോഗിച്ച് ജോലിയിൽ പ്രവേശിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നിയമനങ്ങളിൽ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡുകൾ എന്നിവിടങ്ങളിലെ നിയമനത്തിനാണ് പൊലീസ് പരിശോധന നിർബന്ധമാക്കിയത്.
പൊലീസ് പരിശോധന നിർബന്ധമാക്കിയ കാബിനറ്റ് നോട്ടിൽ പറയുന്നതിങ്ങനെ: ‘അധ്യാപക–അനധ്യാപക തസ്തികകളിൽ ജോലിയിൽ കയറുന്നവരിൽ ക്രിമിനൽ കേസുകളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരുമുണ്ട്. സ്വാധീനമുപയോഗിച്ച് ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് ജോലിയിൽ പ്രവേശിക്കുന്നത്. ഇങ്ങനെ ജോലിയിൽ പ്രവേശിക്കുന്നവർ പിന്നീട് വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് അടക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാനാണ് പരിശോധന കൊണ്ടുവരുന്നത്.സർക്കാർ വകുപ്പുകളിൽ ഇപ്പോൾ തന്നെ പൊലീസ് പരിശോധന നിർബന്ധമാണ്. പിഎസ്എസി ജോലികളിൽ നിയമന അധികാരി ശുപാർശ അയച്ചു കഴിഞ്ഞാൽ‌ ആ വ്യക്തി ജോലിക്ക് ആദ്യമായി ഹാജരാകുമ്പോൾ പൊലീസ് വെരിഫിക്കേഷന്റെ അപേക്ഷ പൂരിപ്പിച്ചു നൽകണം. നിയമന അധികാരി അത് ബന്ധപ്പെട്ട ജില്ലയിലെ എസ്പിക്ക് അയക്കും. എസ്പി ഓഫിസിൽനിന്ന് അത് ബന്ധപ്പെട്ട സ്റ്റേഷനിലേക്കു കൈമാറും. പൊലീസ് സ്റ്റേഷനിൽനിന്ന് ഇയാളുടെ പശ്ചാത്തലം അന്വേഷിച്ച് എസ്പിക്കു റിപ്പോർട്ട് കൈമാറും. എസ്പി അത് നിയമന അധികാരിക്ക് അയയ്ക്കും. ഉദ്യോഗസ്ഥന്റെ പേരിൽ കേസുകളോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ നിയമന അധികാരി അത് സർക്കാരിനെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കണം. കേസുണ്ടെങ്കിൽ ജോലിയിൽനിന്ന് മാറ്റി നിർത്തുകയെന്നതാണ് പൊതുവേ സ്വീകരിക്കുന്ന നടപടി. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമാണ് അന്തിമം. ചെറിയ കേസുകളിൽ വിചാരണഘട്ടമാണെങ്കിൽ പലരും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജോലിയിൽ പ്രവേശിക്കുന്ന രീതിയുണ്ട്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ ജോലിയിൽനിന്ന് പിരിച്ചുവിടും. ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.

പിഎസ്‌സിയിൽ ജോലിക്കായി അപേക്ഷിക്കുമ്പോൾ കേസുകളുണ്ടെങ്കിൽ വെളിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ എയ്ഡഡ്, സഹകരണ മേഖല പോലുള്ളയിടങ്ങളിൽ ഇത്തരം നിബന്ധനകളൊന്നും ഇല്ലാത്തത് പ്രശ്നങ്ങൾക്കിടയാക്കുന്നതായി പൊലീസ് റിപ്പോർട്ടു ചെയ്തിരുന്നു. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ ചില അധ്യാപകർ മുൻപും കേസുകളിൽ പ്രതിയായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ചിലർ സാമ്പത്തിക തട്ടിപ്പു കേസുകളിലും ഗാർഹിക പീഡനക്കേസുകളിലും പ്രതിയായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് പരിശോധന നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

മന്ത്രിസഭായോഗം പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങളിലെ നിയമന അധികാരി എസ്പിയോട് റിപ്പോർട്ട് തേടണം. ഈ റിപ്പോർട്ട് പരിശോധിച്ചശേഷം, കേസുകളുള്ളവരാണെങ്കിൽ നടപടികൾ സ്വീകരിക്കാനായി സർക്കാരിനു ശുപാർശ നൽകണം. ഗുരുതരമായ കേസുകളിൽ പ്രതിയായവരെ വിചാരണ തീർന്ന് കുറ്റവിമുക്തനാകുന്നതുവരെ മാറ്റിനിർത്തും. ശിക്ഷിക്കപ്പെട്ടാൽ ജോലി നഷ്ടമാകും. കേസുകളിൽ പ്രതിയായ വിവരം മറച്ചുവച്ച് ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിശോധിച്ചു നടപടിയെടുക്കും.

Related posts

വിവാദ സ്വകാര്യത നയം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് വാട്സ്പ്പ്……….

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox