22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ജനകീയാസൂത്രണം; കാണാം, ഈ ലോക മാതൃകകള്‍.
Kerala

ജനകീയാസൂത്രണം; കാണാം, ഈ ലോക മാതൃകകള്‍.

സംസ്ഥാനം ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ രംഗത്ത് കേരളം നല്‍കിയ സംഭാവനകള്‍ ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. മഹാമാരിയിലും പ്രളയകാലത്തും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് അവയിലൊന്നു മാത്രം. നേട്ടങ്ങള്‍ ഉദ്ഘോഷിക്കുമ്പോള്‍ത്തന്നെ ഇനിയെന്ത് എന്നകാര്യം പ്രസക്തമാണ്. ഈഘട്ടത്തില്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ നിഷ്പക്ഷമായ പഠനവും അവലോകനവും അത്യന്താപേക്ഷിതമാണ്. ഒരു മൂന്നാംതല സര്‍ക്കാര്‍ എന്ന നിലയില്‍ നമുക്ക് എത്രമാത്രം മുന്നോട്ടുപോവാന്‍ സാധിച്ചിട്ടുണ്ട്? അല്ലെങ്കില്‍ പാളിച്ചകള്‍ എവിടെ? എന്നിവ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടുപോവുകയാണ് ഏറെ അഭികാമ്യം. അതിനായുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് പ്രാധാന്യം വര്‍ധിക്കുകയാണിപ്പോള്‍; പ്രത്യേകിച്ചും രാജ്യാന്തര തലത്തില്‍ നല്ല മാതൃകകള്‍ ഉള്ള സാഹചര്യത്തില്‍.

പങ്കാളിത്ത ആസൂത്രണം

ജനകീയാസൂത്രണത്തിന്റെ അന്തഃസത്ത എന്നു പറയുന്നതുതന്നെ ആസൂത്രണത്തിലെ ജനപങ്കാളിത്തമാണല്ലോ. എന്നാല്‍, വര്‍ഷം കഴിയുന്തോറും പൗരപങ്കാളിത്തം കുറഞ്ഞുവരുന്ന അവസ്ഥയാണ് നമ്മുടെ സംസ്ഥാനത്ത് കാണുന്നത്. ഈ ശുഷ്‌കമായ അവസ്ഥ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. ക്രിയാത്മകമായ ജനകീയ ഇടപെടലാണിവിടെ ആവിഷ്‌കരിക്കപ്പെടേണ്ടത്. ജനകീയാസൂത്രണത്തിനു തന്നെ രൂപംനല്‍കിയ സംസ്ഥാനത്തിന് ഇത് ഒട്ടും പ്രയാസമാവില്ല. പോര്‍ച്ചുഗലിലെ ‘കാസ്‌കായീസ്’ നഗരസഭ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ആകര്‍ഷിക്കുന്നതിനായി പ്രത്യേക ബജറ്റുവിഹിതം തന്നെ മാറ്റിവെച്ച് വിവിധ വികസനപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതിനാലാവാം, അവിടെയും മാള്‍ട്ട ഉള്‍പ്പെടെയുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും യുവജനപങ്കാളിത്തം വര്‍ധിച്ച തോതില്‍ കാണുന്നത്. മാള്‍ട്ടയില്‍ 16 വയസ്സില്‍ നഗരസഭയിലേക്ക് വോട്ടു രേഖപ്പെടുത്താം. കൗമാരക്കാരുടെയും യുവാക്കളുടെയും അഭിപ്രായങ്ങള്‍കൂടി തേടിയാലേ വികസന നിര്‍ദേശങ്ങള്‍ പൂര്‍ണതയിലെത്തൂ എന്നാണ് അവിടങ്ങളിലെ പദ്ധതി രൂപവത്കരണ സമിതികള്‍ കരുതുന്നത്. അതാകട്ടെ, ജനാധിപത്യത്തിലെ കുടുംബ വികേന്ദ്രീകരണമെന്ന ആശയത്തെയും സമ്പുഷ്ടമാക്കുന്നുണ്ട്. നാം ഇനിയും പഠിക്കേണ്ട വിഷയമാണത്. ചെറുപ്പത്തിലേ വിദ്യാര്‍ഥികളുടെ മനസ്സിലുള്‍പ്പെടെ രാഷ്ട്രീയബോധം വളര്‍ത്തി അവരെ ചിന്താശീലരാക്കുന്ന നാം കുടുംബത്തിലെ അംഗങ്ങള്‍ക്കും വലുപ്പച്ചെറുപ്പമില്ലാതെ ആസൂത്രണ അവസരം നല്‍കേണ്ടതുണ്ട്.

മാലിന്യസംസ്‌കരണം

മാലിന്യസംസ്‌കരണമാണ് വലിയ വെല്ലുവിളിയായി സംസ്ഥാനത്തിനു മുന്നിലുള്ളത്. പല രാജ്യങ്ങളും മുന്തിയ പരിഗണന നല്‍കുന്നത് ഈ മേഖലയ്ക്കാണ്. മാലിന്യസംസ്‌കരണ അവബോധം സ്‌കൂളുകളില്‍ തുടങ്ങുന്ന രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ന്യൂസീലന്‍ഡ്. വീടുകളില്‍നിന്ന് മാലിന്യപ്പെട്ടിയുമായാണ് കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നത്. അത് സംസ്‌കരണ സ്ഥലത്തെത്തിക്കാന്‍ നഗരസഭാ വാഹനം അപ്പോഴേക്കും അവിടെ എത്തിയിരിക്കും. ദക്ഷിണ പസഫിക്കിലെ വനുവാതു ദ്വീപില്‍ നഗരപോലീസ് എന്ന സംവിധാനമുണ്ട്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്ന ദൗത്യമാണ് ഇവര്‍ക്കുള്ളത്. നഗരസഭാ നിയമം നടപ്പാക്കുന്നതിനും നഗരത്തിലെ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനും ഇവരെയാണ് ഉപയോഗിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഏതു സമയത്തും ജനങ്ങള്‍ക്ക് തെരുവിലിറങ്ങി നടക്കാമെന്നതുകൂടിയാണ് ഈ സംവിധാനത്തിലൂടെ ആര്‍ജിച്ചത്. മാലിന്യത്തില്‍നിന്ന് വൈദ്യുതി എന്ന പദ്ധതി വ്യാപകമായി നടപ്പാക്കിയ രാജ്യമാണ് ചൈന. പോളണ്ടിലെ മാര്‍ക്കറ്റുകള്‍ മാലിന്യത്തിന്റെ ഉപോത്പന്നങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

നമ്മുടെ സമീപനഗരങ്ങളായ മൈസൂരുവും കോയമ്പത്തൂരും വികേന്ദ്രീകൃത രീതിയില്‍ മാലിന്യസംസ്‌കരണം ഭംഗിയായി നടപ്പാക്കുമ്പോള്‍ കേരളത്തിന് പിഴച്ചത് എവിടെയാണെന്ന് പരിശോധിക്കപ്പെടണം. കോവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികളെ കാര്യക്ഷമമായി നാം ഉപയോഗിച്ചതുപോലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും അത്തരം സംവിധാനങ്ങള്‍ സജ്ജമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നഗരസഭകള്‍ തൊഴില്‍ ദാതാക്കള്‍

പല രാജ്യങ്ങളിലും പ്രാദേശിക സര്‍ക്കാരുകള്‍ തൊഴില്‍ ദാതാക്കളായി മാറുന്ന രീതി അവലംബിച്ചിട്ടുണ്ട്. പശ്ചാത്തലസൗകര്യ വികസനം അവരുടെ അവസാന അജന്‍ഡ മാത്രമാണ്. 1997-ല്‍ കാനഡയിലെ ക്യൂബക് നഗരസഭയിലാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമായത്. അഭ്യസ്തവിദ്യര്‍ക്ക് അവര്‍ പഠിച്ചിറങ്ങിയാല്‍ ആറു മാസത്തിനകം തൊഴില്‍ നല്‍കുകയെന്ന പദ്ധതിയാണിത്. ഇപ്പോള്‍ അവിടെ നൂറോളം നഗരസഭകള്‍ സമാന പദ്ധതി ഏറ്റെടുത്തു കഴിഞ്ഞു. ഫിലിപ്പീന്‍സിലെ നാഗാ നഗരവും ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള ചുവടുമാറ്റമാണ് ഇവിടങ്ങളില്‍ ഉണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റോഡും പാലവും നിര്‍മിക്കാന്‍ മാത്രമാണ് എന്ന പൊതുധാരണ തിരുത്തുന്ന ഇത്തരത്തിലുള്ള വ്യതിചലനങ്ങള്‍ കേരളവും വലിയ തോതില്‍ അവലംബിക്കേണ്ടതായിട്ടുണ്ട്. ബ്രസീലിലെ സാമൂഹിക വികസന ബാങ്കുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നവയാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തികസഹായം നല്‍കുന്നതിലും സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലുമാണ് ഇത്തരം ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്. ക്യൂബക്കും നാഗായുമൊക്കെ ഇതു നേരത്തേ നടപ്പാക്കിയെന്നു മാത്രം. സാമ്പത്തികവികസനം ലക്ഷ്യമാക്കി മാത്രമുള്ള ഓഫീസ് നോര്‍വേ ഉള്‍പ്പെടെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു. ഇത് പ്രാദേശിക സാമ്പത്തിക വികസനം വേഗത്തില്‍ സാധ്യമാക്കുന്നു. കേരളത്തില്‍ ഇത്തരം പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ കുറേക്കൂടി എളുപ്പമാണ്. നമ്മുടെ സംസ്ഥാനത്തെ ശക്തമായ സഹകരണബാങ്കുകളുടെ ശൃംഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ കുറേക്കൂടി കാര്യക്ഷമമായി നടപ്പാക്കാവുന്നതേയുള്ളൂ ഇത്തരം പരിപാടികള്‍.

കാര്‍ഷിക കൂട്ടായ്മകള്‍

കാര്‍ഷികമേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഒട്ടേറെ പ്രാദേശിക സര്‍ക്കാരുകളുണ്ട്. ദേശീയ നയത്തിന്റെ ഭാഗമായിവിയറ്റ്നാമില്‍ കാര്‍ഷിക കൂട്ടായ്മകള്‍ നിലവില്‍ വന്നിട്ടുണ്ട്. എല്ലാ പ്രാദേശിക സര്‍ക്കാരുകളിലും നിശ്ചിത എണ്ണം എന്ന നിലയില്‍ അവ പ്രവര്‍ത്തിക്കുന്നു. ഓരോ വര്‍ഷവും ഉത്പാദന വര്‍ധനയ്ക്കുള്ള ലക്ഷ്യം സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കും. അതു കൈവരിച്ചില്ലെങ്കില്‍ ഇത്തരം കൂട്ടായ്മകള്‍ കാരണംകാണിക്കുകയും പിഴയൊടുക്കുകയും വേണം. സര്‍ക്കാര്‍ ഗ്രാന്റും ഇവര്‍ക്ക് നിഷേധിക്കപ്പെടും. ഫിലിപ്പീന്‍സും ഇത്തരം പദ്ധതികള്‍ വിജയപ്രദമായി നടപ്പാക്കിവരുന്നുണ്ട്. ജനകീയാസൂത്രണം ലക്ഷ്യംവെച്ച കാര്‍ഷിക മേഖലയിലെ വളര്‍ച്ച ഇന്നും നമ്മുടെ മുന്നില്‍ വെല്ലുവിളിയായി തുടരുകയാണ്. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം പദ്ധതികളില്‍ക്കൂടി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. തരിശിട്ടിരിക്കുന്ന ഒട്ടേറെ ഭൂമി നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാല്‍, ഇത് ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് പാട്ടക്കൃഷിക്ക് നല്‍കാനും മറ്റും ഉടമകള്‍ വൈമനസ്യം കാണിക്കുകയാണ്. പിന്നീട് ഭൂമിയിന്മേലുള്ള തങ്ങളുടെ അവകാശം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇതിന് ഒരു കാരണം. പാട്ടക്കൃഷിക്ക് നിശ്ചിത കാലയളവില്‍ ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ ഇതൊഴിവാക്കാനും അത്തരം കൃഷികള്‍ വര്‍ധിപ്പിക്കാനുമാവും.

പരിസ്ഥിതിസംരക്ഷണം

ശ്രീലങ്കയില്‍ പരിസ്ഥിതി പോലീസ് പ്രകൃതി സംരക്ഷണത്തിന് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുന്നു. അതിനാല്‍ പരിസ്ഥിതിക്ക് ഹാനികരമായ കാര്യങ്ങളുണ്ടാവുമ്പോള്‍ അവര്‍ റിപ്പോര്‍ട്ട് തേടുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രാദേശിക സര്‍ക്കാരുകളുടെ ആദ്യപരിഗണന പരിസ്ഥിതി സംരക്ഷണത്തിനാണ്. ഇതിനായി 1970-ല്‍ പ്രസിഡന്റ് സര്‍ റിച്ചാര്‍ഡ് നിക്‌സണ്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇ.പി.എ.) രൂപവത്കരിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഇതു പ്രവര്‍ത്തനസജ്ജമാക്കി. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിസംരക്ഷണം എന്നിവയിലൂന്നി ബൃഹത്തായ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് ഈ പ്രത്യേക സംവിധാനമുള്ളതിനാലാണ്. കേരളത്തിലെ ഒമ്പതാം പദ്ധതിക്കാലത്ത് തുടക്കമിട്ട നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി പലയിടങ്ങളിലും എവിടെയും എത്തിയിട്ടില്ല. അതിനാല്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് നീര്‍ത്തടാധിഷ്ഠിതമായിത്തന്നെയാവണം. ഭൂട്ടാനില്‍ പുഴസംരക്ഷണം പ്രാദേശിക സര്‍ക്കാരുകളുടെ മുഖ്യപ്രവര്‍ത്തനമാണ്. വാങ്ചൂങ് നദി തിമ്പു നഗര മധ്യത്തിലൂടെ മലീമസമാകാതെ ശാന്തമായി ഒഴുകുന്നതിന് കാരണവും ഇതാണ്. കേരളത്തിലെ 41 നദികളുടെയും സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സത്യസന്ധതയോടെ ഏറ്റെടു ത്താലുണ്ടാകുന്ന ഗുണഫലങ്ങള്‍ ആലോചിച്ചു നോക്കൂ.

അഴിമതിമുക്ത ഭരണം

അധികാര വികേന്ദ്രീകരണത്തിന്റെ ദുര്‍ബലമായ ഘടകമാണ് വികേന്ദ്രീകൃത അഴിമതി. ഇതു ഫലപ്രദമായി അതിജീവിക്കുന്ന പല പ്രാദേശിക സര്‍ക്കാരുകളുമുണ്ട്. ഫിജിയില്‍ പഞ്ചായത്തുകളുടെ അഴിമതിരഹിത ഭരണത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. അതിനാല്‍ പഞ്ചായത്തുകളില്‍ ആളുകള്‍ മത്സരിക്കാന്‍ തിരക്കുകൂട്ടുന്നത് അത്തരത്തിലുള്ള അംഗീകാരത്തിനു വേണ്ടിയാണ്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ‘വിശ്വാസ്യതാ പദ്ധതി’ തന്നെ തയ്യാറാക്കുന്നുണ്ട്. ഓരോ തലത്തിലുമുണ്ടാകുന്ന അഴിമതി കണ്ടെത്തി തടയാന്‍ ഇതിലൂടെ സാധിക്കുന്നു. യുെക്രെനിലാണ് ‘സുതാര്യ നഗരം’ പദ്ധതി ആരംഭിച്ചത്. ഏതുകാര്യവും ഏതൊക്കെ തലങ്ങളിലെത്തി എന്ന് ജനങ്ങളെ കൃത്യമായി അറിയിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്. ഇത് സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസ്യത വലിയ തോതില്‍ വര്‍ധിപ്പിച്ചു. ദക്ഷിണ കൊറിയയില്‍ സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെയാണ് ‘സുതാര്യ നഗരം’ പരിപാടി നടപ്പാക്കിയത്. ഓരോരുത്തരുടെയും അപേക്ഷയുടെ നിലയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചെലവുകളും അടക്കമുള്ള കാര്യങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓരോ പൗരന്റെയും കൈയിലെത്തും. സാമൂഹിക ഓഡിറ്റിങ്ങിനെക്കുറിച്ച് നാമേറെ പറയാറുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അതൊന്നും പ്രതിഫലിച്ചു കാണാറില്ല. കോവിഡ് കാലത്ത് മിക്ക വീടുകളിലും ഒരു സ്മാര്‍ട്ട്‌ഫോണെങ്കിലും എത്തിയിരിക്കുന്ന കേരളത്തില്‍ ഇത്തരം സംരംഭങ്ങള്‍ വിജയമാക്കാന്‍ വലിയ ശ്രമത്തിന്റെ ആവശ്യമില്ല. വേണ്ടത്, ഇച്ഛാശക്തി മാത്രം.

ചര്‍ച്ചകള്‍ തുടരണം

അധികാരവികേന്ദ്രീകരണം സ്ഥായിയായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നിരന്തരമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ യൂറോപ്പിലെ വികേന്ദ്രീകരണ പദ്ധതികള്‍ പരിശോധിക്കുന്നത് നന്നാവും. മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായി 1985-ല്‍ യൂറോപ്പിലെ 47 രാജ്യങ്ങള്‍ ഒപ്പിട്ടംഗീകരിച്ച ‘യൂറോപ്യന്‍ ചാര്‍ട്ടര്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ്’ ഉടമ്പടിയിലെ ഉള്ളടക്കം നടപ്പാക്കാന്‍ അതിലെ അംഗ രാജ്യങ്ങള്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനായി ഈ രാജ്യങ്ങളുടെ തലവന്മാര്‍ അംഗമായിട്ടുള്ള ശക്തമായ നിരീക്ഷണസമിതിയും അവിടെ പ്രവര്‍ത്തിക്കുന്നു.

സമൂഹത്തിന്റെയും പ്രാദേശിക സര്‍ക്കാരുകളുടെയും ചാര്‍ട്ടറില്‍ പറഞ്ഞ അധികാരങ്ങളും അവകാശങ്ങളും നടപ്പാക്കുന്നുണ്ടോ എന്നാണ് ഈ സമിതി പരിശോധിക്കുന്നത്. ഏതെങ്കിലും രാജ്യം വികേന്ദ്രീകരണത്തില്‍നിന്ന് പിന്നോട്ടുപോയാല്‍ അതിനവര്‍ സമാധാനം പറയണം. അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികാരവികേന്ദ്രീകരണം പോറലേല്‍ക്കാതെ മുന്നോട്ടു പോകുന്നു. ഇത്തരത്തിലുള്ള സംവിധാനമാണ് എല്ലാ വിഭവങ്ങളും കൈമുതലായുള്ള, ഭരണഘടനയുടെ 11, 12 ഷെഡ്യൂളില്‍പ്പറയുന്ന വികസനവിഷയങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുള്ള ഇന്ത്യയിലും ആവശ്യം.

Related posts

അങ്കമാലി ശബരി റെയിൽപ്പാത ; ട്രാഫിക്‌ സർവേ പുരോഗമിക്കുന്നു

Aswathi Kottiyoor

രക്തത്തിനു പകരം കയറ്റിയത് ജ്യൂസ്; യുപിയിൽ ഡെങ്കി രോഗി മരിച്ചു, ആശുപത്രി അടപ്പിച്ചു

Aswathi Kottiyoor

കെ ഡിസ്‌ക്ക് എംപ്‌ളോയേഴ്‌സ് പോർട്ടലും തൊഴിൽ മേളയും വൈ ഐ പി 2021ഉം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox