റബർ കർഷകർക്ക് ആവർത്തന കൃഷിക്കും പുതുകൃഷിക്കുമുള്ള ധനസഹായം ലഭ്യമാക്കുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാണ് കർഷകർക്ക് റബർ ബോർഡ് സഹായം നൽകുന്നത്. സഹായം ലഭ്യമാക്കുന്നതിന് റബർ ബോർഡ് ഓണ്‍ലൈൻ പോർട്ടൽ സജ്ജമാക്കും.
2017നുശേഷം ആവർത്തനകൃഷിക്ക് ധനസഹായം നൽകാൻ റബർബോർഡ് അപേക്ഷ ക്ഷണിച്ചിട്ടില്ല. 2018, 2019 വർഷങ്ങളിൽ ആവർത്തനകൃഷി ചെയ്ത കർഷകർക്കാണ് ആദ്യം ധനസഹായം നൽകുക.
ഒരു ഹെക്ടറിന് 25000 രൂപ കണക്കിലാണ് മുന്‍പ് ധനസഹായം നൽകിയിരുന്നത്. അടുത്തമാസം പ്രവർത്തനം ആരംഭിക്കുന്നതിനായി സർവീസ് പ്ലസ്’ പോർട്ടലിൽ മാറ്റങ്ങൾ വരുത്തിയാണ് റബർ ബോർഡ് ഇതു തയാറാക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സർവീസ് പ്ലസ്’ പോർട്ടൽ വികസിപ്പിച്ചത്.
കേരളത്തിലെ 1618 വില്ലേജുകൾ പോർട്ടലിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. പോർട്ടൽ സജ്ജമായാൽ കർഷകർക്ക് ആവർത്തനകൃഷിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കർഷകരുടെ ആധാർ നന്പരും വിവരങ്ങളും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യും. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു സഹായമെത്തും.
റബർബോർഡിന്റെ ഇലക്ട്രോണിക് പ്രോസസിംഗ് ഡാറ്റാ വിഭാഗമാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഒക്ടോബറിൽ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കാനാകുമെന്ന് റബർ ബോർഡ് അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാരിൽ നിന്നു ഫണ്ട് ലഭ്യമാകാതെ വന്നതോടെയാണ് സബ്സിഡി വിതരണം മുടങ്ങിയത്. സബ്സിഡി തുക വർധിപ്പിക്കാൻ കൂടുതൽ പദ്ധതിവിഹിതം ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് റബർബോർഡ് ശിപാർശ നൽകിയിട്ടുണ്ട്.