27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സാക്ഷികൾക്കും പ്രതികൾക്കും ഏത് കോടതിയിലും മൊഴി രേഖപ്പെടുത്താം.
Kerala

സാക്ഷികൾക്കും പ്രതികൾക്കും ഏത് കോടതിയിലും മൊഴി രേഖപ്പെടുത്താം.

പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ സാക്ഷികൾക്കും പ്രതികൾക്കും ഇനി ഏതു കോടതിയിലും മൊഴി രേഖപ്പെടുത്താം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിർദേശിക്കുന്ന മജിസ്ട്രേട്ടിനു മുന്നിൽ മാത്രമേ ഇതുവരെ മൊഴി നൽകാൻ സാധിക്കുമായിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട ചട്ടത്തിൽ മാറ്റം നിർദേശിച്ചിരിക്കുകയാണു ഹൈക്കോടതി.

കേസിനാസ്പദമായ സംഭവം നടന്ന ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകി, അദ്ദേഹം നിർദേശിക്കുന്ന മജിസ്ട്രേട്ടിനു മുന്നിൽ സാക്ഷിയും പ്രതിയും മൊഴി രേഖപ്പെടുത്തണമെന്നാണു ക്രിമിനൽ നടപടി നിയമത്തിലെ 164ാം വകുപ്പ് അനുശാസിക്കുന്നത്.

ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷം ഈ വകുപ്പു കൂടുതൽ സ്ത്രീസൗഹൃദമാക്കി 164 (5A) എന്ന ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതനുസരിച്ചു സ്ത്രീകളോടുള്ള അപമര്യാദ (354ാം വകുപ്പ്), സ്ത്രീപീഡനം (376ാം വകുപ്പ്), സ്ത്രീകൾക്കു നേരെ അശ്ലീല ഭാഷയും ആംഗ്യങ്ങളും ഉപയോഗിക്കുക (509ാം വകുപ്പ്) എന്നീ കേസുകളിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തൽ നിർബന്ധമാണ്. മറ്റു കേസുകളിൽ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനിക്കാം.

എന്നാൽ, മൊഴി നൽകേണ്ടതു കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിഷ്കർഷിക്കുന്ന മജിസ്ട്രേട്ടിനു മുന്നിലാണ് എന്ന നിബന്ധന കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു.

ഈ നിബന്ധനയിലാണു കേരള ഹൈക്കോടതിയുടെ നിർദേശാനുസരണം മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഏതു മജിസ്ട്രേട്ടിനു മുന്നിലും ക്രിമിനൽ നടപടി നിയമത്തിലെ 164 (5A)ാം വകുപ്പ് അനുസരിച്ചു സാക്ഷിക്കും പ്രതിക്കും മൊഴി നൽകാം.ക്രിമിനൽ റൂൾസ്‌ ഓഫ് പ്രാക്ടിസിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന്, പാലക്കാട്ടെ ‘വിശ്വാസ്’ എന്ന സംഘടന സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ കമ്മിറ്റിക്കു നിവേദനം നൽകിയിരുന്നു.

Related posts

ആദിവാസി അതിക്രമം : ശിക്ഷ ഉറപ്പാക്കും : മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor

അടക്കാത്തോട്ടിൽ ചെന്നായ കൂട്ടം ആടിനെ കടിച്ച് കൊന്നു

Aswathi Kottiyoor

റബർ പ്രതിസന്ധി ; കേന്ദ്രത്തിന്റെ എല്ലാ ചുവടും ടയർ വ്യവസായികൾക്കായി ; റബർ കർഷകർക്ക്‌ അന്തകനാകാൻ പുതിയ ബില്ലും

Aswathi Kottiyoor
WordPress Image Lightbox