ജിഎസ്ടി നിരക്കുകളും സ്ലാബുകളും ഏകീകരിക്കാനും ജിഎസ്ടിയിൽനിന്നൊഴിവാക്കിയ ഇനങ്ങൾ അവലോകനം ചെയ്യാനും വരുമാനനഷ്ടം നിയന്ത്രിക്കാനും രണ്ടു മന്ത്രിതല ഉപസമിതികൾ രൂപീകരിച്ചു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെഅധ്യക്ഷനായ ഏഴംഗ സമിതിയിൽ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും അംഗമാണ്. രണ്ടു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകും. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം ഒഴിവാക്കാനുള്ള ശ്രമത്തിൽ ചിലയിനങ്ങളുടെ നികുതിനിരക്ക് കൂടിയേക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 17നു ചേർന്ന ജിഎസ്ടി കൗണ്സിലിലെ തീരുമാനപ്രകാരമാണു മന്ത്രിതല സമിതി രൂപീകരിച്ച് ഇന്നലെ വിജ്ഞാപനം ഇറക്കിയത്. നിരക്കുകൾ ഏകീകരിക്കാനുള്ള ബൊമ്മെ സമിതിയിൽ ബാലഗോപാലിനു പുറമെ പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര, ബിഹാർ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്, ഗോവ, യുപി, രാജസ്ഥാൻ ധനമന്ത്രിമാർ എന്നി വരും ഉണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എട്ടംഗ മന്ത്രിതല സമിതിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ഛത്തീസ്ഗഡ് ധനമന്ത്രി ടി.എസ്. സിംഗ് ദേവ്, ആന്ധ്രപ്രദേശ്, ഒഡീഷ, ആസാം ധനമന്ത്രിമാർ എന്നിവരും അംഗങ്ങളാണ്.
നിലവിലെ നികുതി സ്ലാബുകളും ജിഎസ്ടി ഒഴിവാക്കിയ ഇനങ്ങളും അവലോകനം ചെയ്യുന്ന ബൊമ്മെ പാനൽ ജിഎസ്ടി നിരക്കുകൾ യുക്തിസഹമായി ഏകീകരിക്കാനാകും ശ്രമിക്കുക.
നികുതി അടിത്തറ വിപുലീകരിക്കാനും ഐടിസി ശൃംഖല തകർക്കുന്നത് ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ചരക്കു സേവന നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണവും അവലോകനം ചെയ്യും.
വിപരീത നികുതിഘടനയുടെ അവലോകനം, നികുതി നിരക്ക് സ്ലാബുകളുടെ ലയനം എന്നിവ ഉൾപ്പെടെ യുക്തിസഹമായ നടപടികളും മന്ത്രിതല സമിതി ശിപാർശ ചെയ്യും.
നിലവിൽ ജിഎസ്ടി സന്പ്രദായത്തിൽ പൂജ്യം, 5, 12, 18, 28 എന്നീ ശതമാനങ്ങളിൽ അഞ്ചു വിശാലനികുതി സ്ലാബുകളുണ്ട്. ചില സാധനങ്ങൾക്ക് 28 ശതമാനത്തിൽ കൂടുതൽ സെസ് ഈടാക്കുന്നു, കൂടാതെ വിലയേറിയ കല്ലുകൾ, വജ്രങ്ങൾ തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേക നിരക്കുകളുമുണ്ട്.
2017 ജൂലൈയിൽ ജിഎസ്ടി നിലവിൽ വന്നതിനു ശേഷം ഒന്നിലധികം നിരക്കുകൾ കുറച്ചതിനാൽ ജിഎസ്ടിക്കു കീഴിലുള്ള ഫലപ്രദമായ നികുതി നിരക്ക് 15.5 ശതമാനത്തിൽനിന്ന് 11.6 ശതമാനമായി “അറിഞ്ഞോ അറിയാതെയോ’ കുറഞ്ഞുവെന്നു ധനമന്ത്രി നിർമല പറഞ്ഞിരുന്നു.
നികുതിവെട്ടിപ്പുകളും ചോർച്ചകളും തിരിച്ചറിയാനും ഐടി സംവിധാനങ്ങളിൽ മാറ്റങ്ങൾ ക്കും മന്ത്രിതല സമിതി നിർദേശം നൽകും.
മികച്ച നികുതി പാലിക്കലിനായി ഡേറ്റ വിശകലനത്തിനും കേന്ദ്ര, സംസ്ഥാന നികുതി ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനത്തിനും ഉള്ള മാർഗങ്ങളും നിർദേശിക്കും.