20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഭീകരതയെ രാഷ്ട്രീയ ആയുധമാക്കരുത്; യുഎന്നിൽ മോദി .
Kerala

ഭീകരതയെ രാഷ്ട്രീയ ആയുധമാക്കരുത്; യുഎന്നിൽ മോദി .

അതിർത്തി കടന്നുള്ളതടക്കം എല്ലാ ഭീകരപ്രവർത്തനങ്ങളും അമർച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാടിന് രാജ്യാന്തര പിന്തുണ. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) പൊതുസഭയിൽ പ്രസംഗിക്കവെ, ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ആഗോള ഭീകരവാദത്തെ ഒരുമിച്ചുനേരിടുമെന്ന് ഇന്ത്യ–യുഎസ് ഉഭയകക്ഷി ചർച്ചയ്ക്കു ശേഷവും ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡ്’ ഉച്ചകോടിക്കുശേഷവും പ്രഖ്യാപനമുണ്ടായി.

26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നു നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാൻ താവളമാക്കിയ ഭീകരനേതാക്കളെയും സംഘടനകളെയും പരാമർശിച്ച്, യുഎൻ വിലക്കുപട്ടികയിലുള്ള ഭീകരർക്കു സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നതിനെ ഇരുനേതാക്കളും അപലപിച്ചു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കാമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തു.

12 വയസ്സിനു മുകളിലുള്ളവർക്കു നൽകാവുന്ന ലോകത്തിലെ ആദ്യ ഡിഎൻഎ അധിഷ്ഠിത കോവിഡ് വാക്സീൻ ഇന്ത്യ വികസിപ്പിച്ചെന്നു യുഎന്നിൽ വ്യക്തമാക്കിയ മോദി, ആഗോള വാക്സീൻ നിർമാതാക്കളെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഒക്ടോബർ അവസാനത്തോടെ 80 ലക്ഷം ഡോസ് വാക്സീൻ കയറ്റുമതി ചെയ്യുമെന്നു ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി അറിയിച്ചു. വാഷിങ്ടനിൽ ഉഭയകക്ഷി ചർച്ചയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷമാണു ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിനു മോദി എത്തിയത്. നാലാം വട്ടമാണ് അദ്ദേഹം യുഎന്നിൽ പ്രസംഗിക്കുന്നത്.

കശ്മീർ കുത്തിപ്പൊക്കിയ പാക്കിസ്ഥാന് ചുട്ടമറുപടി

യുഎൻ പൊതുസഭയിൽ കശ്മീർ വിഷയം കുത്തിപ്പൊക്കി ആക്രമിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടി നൽകി. ‘ഭീകരതയെ ഭരണകൂട നയമാക്കിയ പാക്കിസ്ഥാൻ ഭീകരരെ പോറ്റിവളർത്തുന്നു. കൊടുംഭീകരനായ ഉസാമ ബിൻ ലാദനു താവളമൊരുക്കിയ രാജ്യമാണതെന്നു രാജ്യാന്തര സമൂഹം മറന്നിട്ടില്ല’– പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു മറുപടിയായി ഇന്ത്യയുടെ യുഎൻ പ്രതിനിധി സ്നേഹ ദുബെ പറഞ്ഞു.

‘ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കു തന്നെ അതു വിനയായിത്തീരും. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരതയുടെ താവളമാക്കുന്നില്ലെന്നും മറ്റു രാജ്യങ്ങൾക്കെതിരെ നിഴൽയുദ്ധത്തിന് ഉപയോഗിക്കില്ലെന്നും രാജ്യാന്തര സമൂഹം ഉറപ്പാക്കണം.’

Related posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കൂടുതൽ ജില്ലകളിൽ യെലോ അലെർട്ട്

Aswathi Kottiyoor

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

Aswathi Kottiyoor

തദ്ദേശഭരണ പൊതുസർവ്വീസ് ഓർഡിനൻസ് സമഗ്രം ജനപക്ഷം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox