ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യസംസ്‌കരണ മേഖലയിലെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കോർപ്പറേഷനുകളെയും മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് ഹരിതകർമ്മസേനയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ഫലപ്രദമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രീയമായ ഖര ദ്രവമാലിന്യ പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ശുചിത്വം, വെളിയിട വിസർജ്യമുക്ത ഗ്രാമം എന്നീ നേട്ടങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ 100 ദിവസത്തിൽ ഒരു ലക്ഷം സോക്പിറ്റുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.
നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.