കോവിഡ് രണ്ടാം തരംഗത്തോടെ നിർത്തിവച്ച വാക്സീൻ കയറ്റുമതി ഇന്ത്യ അടുത്തമാസം പുനരാരംഭിക്കുന്നു. ഇന്ത്യൻ പൗരന്മാർക്കു തന്നെയാണു വാക്സിനേഷനിൽ മുൻഗണനയെന്നും അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമാകും ‘വാക്സീൻ മൈത്രി’ പദ്ധതിയുടെ ഭാഗമായി കയറ്റിയയ്ക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഉൽപാദനം അടുത്ത മാസം 30 കോടി ഡോസും 3 മാസത്തിനുള്ളിൽ 100 കോടി ഡോസുമാകും.
ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി’ന്റെ ഉച്ചകോടി 24നു നടക്കാനിരിക്കെയാണ് വാക്സീൻ കയറ്റുമതി പുനരാരംഭിക്കുന്നത്. കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യയുടെ മേൽ യുഎസ് സമ്മർദമുണ്ടെന്നു റിപ്പോർട്ടുണ്ടായിരുന്നു.
ഏറെ വിമർശനങ്ങൾക്കൊടുവിൽ നിർത്തിവയ്ക്കേണ്ടി വന്ന വാക്സീൻ കയറ്റുമതിയാണ് ഇന്ത്യ അടുത്തമാസം പുനരാരംഭിക്കുന്നത്. രാജ്യാന്തര തലത്തിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ലോകത്ത് ഏറ്റവുമധികം വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയോട് കയറ്റുമതി പുനരാരംഭിക്കാൻ യുഎസ് ആവശ്യപ്പെട്ടതെന്നു റിപ്പോർട്ടുണ്ട്.വാക്സീൻ കയറ്റുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ രണ്ടു മാസത്തിനുള്ളിൽ നീക്കം ചെയ്യുമെന്നാണു കരുതുന്നതെന്ന് കോവിഷീൽഡ് നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവാല കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വാക്സിനേഷനു വേഗം കൂടുകയും കോവിഡ് ഭീഷണി കുറയുകയും ചെയ്തതാണ് ഇപ്പോൾ കയറ്റുമതിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.
ഇന്ത്യയിലെ വാക്സിനേഷൻ നില
∙ ആകെ നൽകിയ ഡോസുകൾ: 81.72 കോടി
∙ ഒന്നാം ഡോസ്: 60.97 കോടി
∙ രണ്ടാം ഡോസ്: 20.75 കോടി