കേളകം: ‘ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരങ്ങളിൽ നിന്ന് മോചനമാണ് ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം’ എന്ന് പ്രഘോഷിച്ച ശ്രീനാരായണഗുരുവിന്റെ തൊണ്ണൂറ്റിനാലാം സമാധിദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സാർവദേശീയ ദർശനം മലയാളികളിലൂടെ ലോകമെങ്ങും എത്തിച്ച ആചാര്യനാണ് ശ്രീനാരായണഗുരു. സ്കൂളിൽ നടന്ന ദിനാചരണ പരിപാടിയിൽ ഗുരുദേവനെ അനുസ്മരിച്ചു കൊണ്ട് മലബാർ ബിഎഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ഇന്ദു കെ മാത്യു മുഖ്യപ്രഭാഷണം നടത്തി. അധ്യാപിക ദീപ മരിയ ഉതുപ്പ് ആമുഖസന്ദേശം നൽകി.
വിദ്യാർഥിയായ ജോനാഥ് ബിജു ഗുരുദേവനെ അനുസ്മരിച്ച് കവിത ആലപിച്ചു. ജിൽന എം ആർ ഗുരുദേവദര്‍ശനങ്ങളെക്കുറിച്ച് പ്രസംഗിച്ചു. കീർത്തന മരിയ ജിമ്മി ഗുരുദേവൻെറ ജീവചരിത്രം വീഡിയോയിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശ്രീനാരായണഗുരു വചനങ്ങൾ എഴുതിയ പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. അൻസ മരിയ ജോൺസൺ പ്രാർത്ഥനാഗാനം ആലപിച്ചു.
ഓൺലൈനായി നടന്ന പരിപാടികൾക്ക് അനുസ്മയ പി എസ് സ്വാഗതവും അഭിനവ് പി അനിൽ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ നൈസ് മാൻ, സനില എൻ, ഫാ. എൽദോ ജോൺ, ജാന്‍സന്‍ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.