കേളകം: കേരളത്തിലെ രണ്ടാമത്തെ വന്യജീവി സങ്കേതത്തിന്റെ ബഫർസോൺ അന്തിമ പ്രഖ്യാപനത്തിന് തീരുമാനമായതോടെ ആശങ്കയിലായി ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ.
സൈലന്റ് വാലി നാഷണൽ പാർക്കിന് ചുറ്റും വരുന്ന ബഫർ സോൺ നാട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് അന്തിമമാക്കിയതാണ് ആശങ്കയ്ക്കിടയാക്കുന്നത്. കഴിഞ്ഞ മാസം 17ന് നടന്ന കേന്ദ്ര-വനംപരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള പരിസ്ഥിതി ദുർബല മേഖലകൾക്കായുള്ള വിദഗ്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്തദിവസംതന്നെ അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സൂചന.
90 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള സൈലന്റ് വാലി നാഷണൽ പാർക്കിന് ചുറ്റും 148 സ്ക്വയർ കിലോമീറ്റർ വിസ്തീർണത്തിലാണ് ബഫർ സോൺ കരട് വിജ്ഞാപനം ആദ്യഘട്ടത്തിൽ ഇറങ്ങിയത്. ഇതിൽ നൂറുകണക്കിന് ആളുകളുടെ കൃഷിസ്ഥലങ്ങളും വീടുകളും ഉൾപ്പെടുന്നുണ്ടെന്ന പരാതി ഉയരുകയും ഇതിനെതിരേ ആയിരക്കണക്കിന് കത്തുകൾ സർക്കാരിലേക്ക് അയക്കുകയും നടപടി ഉണ്ടാകാതിരുന്നതിനാൽ കഴിഞ്ഞ ഫെബ്രുവരി 23 ന് ആയിരക്കണക്കിന് കർഷകർ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ തദ്ദേശീയ ജനങ്ങൾക്ക് യാതൊരു പരാതിയുമില്ലെന്ന റിപ്പോർട്ടാണ് ഡിഎഫ്ഒ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്. തുടർന്നാണ് യോഗം ചേർന്ന് അന്തിമ വിജ്ഞാപനമിറക്കാൻ തീരുമാനിച്ചത്.
ഇതോടെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ഏരിയയുടെ കാര്യത്തിലും ജനഹിതത്തിന് എതിരായി തീരുമാനമുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ആറളം വന്യജീവി സങ്കേതത്തിന്റെ സീറോ മുതൽ 100 മീറ്റർ വീതിയിൽ 10. 16 സ്ക്വയർ കിലോമീറ്റർ ഏരിയയിലെയും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ സീറോ മുതൽ മൂന്നു കിലോമീറ്റർ വരെ 12. 91 സ്ക്വയർ കിലോമീറ്റർ ഏരിയയിലെയും ജനവാസമേഖലകൾ ഉൾപ്പെടെ ബഫർ സോണായി പ്രഖ്യപിക്കാനായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം. ഇതിനെ തുടർന്ന് ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകി.
സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് ബഫർ സോൺ ദൂരപരിധി സീറോ പോയിന്റായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ത്രിതല പഞ്ചയത്തുകൾ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കാക്കി സംസ്ഥാന സർക്കാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
ഇതിനുമുമ്പ് ഷോളയാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയാണ് ബഫർ സോൺ അന്തിമ പ്രഖ്യാപനം നടത്തിയത്. സൈലന്റ് വാലി നാഷണൽ പാർക്ക് ബഫർ സോൺ അന്തിമ വിജ്ഞാപനത്തിനെതിരേ കിഫ ഉൾപ്പെടെയുള്ള കർഷകസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു.