സപ്ലൈകോ മാവേലി സ്റ്റോറിലും ഔട്ട്ലെറ്റുകളിലും എന്തൊക്കെ സാധനങ്ങളുണ്ടെന്ന് ഉപഭോക്താവിന് വിരൽ തുന്പിൽ അറിയാനുള്ള പദ്ധതിക്കു വീണ്ടും ജീവൻ വയ്ക്കുന്നു. ഓരോ കടയിലും ലഭ്യമായതും അല്ലാത്തതുമായ സാധനങ്ങളുടെ പട്ടിക ഉപഭോക്താവിന് ഓണ്‍ലൈനിനൊപ്പം മൊബൈൽ ഫോണ്‍ ആപ്പിലും ലഭ്യമാക്കാനുള്ള നീക്കം വേഗത്തിലായി.
ഇതുസംബന്ധിച്ച് നേരത്തേയുള്ള ശിപാർശ നടപ്പാക്കാൻ ചീഫ് സെക്രട്ടറി, ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതോടെ ഫയൽ നീക്കംവേഗത്തിലായി.
സപ്ലൈകോയുടെ ഓരോ കടയിലും സ്റ്റോക്കുള്ളതും അല്ലാത്തതുമായ നിത്യോപയോഗ സാധനങ്ങളുടെ പട്ടിക ഓണ്‍ലൈനിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. ഉപഭോക്താവ് കടയിലെത്തുന്പോൾ സ്റ്റോക്കില്ലെന്നു പറഞ്ഞു മടക്കുന്നതടക്കമുള്ള ക്രമക്കേടുകൾ തടയാനായിരുന്നു നിർദേശം. എന്നാൽ, ഫയൽ നീക്കം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മരവിപ്പിച്ചു.
യൂണിയനുകൾകൂടി ഈ നീക്കത്തിൽ പങ്കാളികളായതോടെ ഓണ്‍ലൈൻ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പാളി. മാസങ്ങൾക്കു മുൻപും ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടും ഫയൽ ചുവപ്പു നാടയിൽ കുടുങ്ങിയ ഫയലിനു മോചനമായിരുന്നില്ല.
പുതിയ നിർദേശത്തത്തുടർന്നു ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പിന്റെ ചുമതലയിൽ അടുത്തിടെയെത്തിയ അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ ഇതു സംബന്ധിച്ച ഫയൽ ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഉപഭോക്താവിന് എല്ലാ വിവരവും വിരൽത്തുന്പിൽ ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന തരത്തിൽ വെബ്സൈറ്റും മൊബൈൽ ആപ്പും ക്രമീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
സംസ്ഥാനത്താകെയുള്ള 857 മാവേലി സ്റ്റോറുകളും 511 സൂപ്പർ മാർക്കറ്റും 21 സഞ്ചരിക്കുന്ന മാവേലി സ്റ്റോറും 36 പീപ്പിൾസ് ബസാറും ആറ് ഹൈപ്പർ മാർക്കറ്റും പദ്ധതിയുടെ ഭാഗമാകും. മരുന്നുകളും ആരോഗ്യ ഉപകരണങ്ങളും വിലകുറച്ചു വിൽക്കുന്ന 96 മെഡിക്കൽ സ്റ്റോറുകളിലെ വിവരങ്ങളും ഓണ്‍ലൈനിൽ ഉൾപ്പെടുത്തുന്നതും പരിഗണിക്കുന്നു.
ആദ്യഘട്ടത്തിൽ നിത്യോപയോഗ സാധനങ്ങളാകും പദ്ധതിയുടെ ഭാഗമാകുക. ഇപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരം മാത്രമാണ് സപ്ലൈകോ വെബ്സൈറ്റിലുള്ളത്.