കണ്ണൂർ: വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനായി കൂത്തുപറമ്പില്‍ ആരംഭിക്കുന്ന വനിതാ ഫുട്ബോള്‍ അക്കാദമി ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ഫുട്ബോള്‍ അക്കാദമിയും സ്പോര്‍ട്സ് കേരള എലൈറ്റ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമികളും ആരംഭിക്കുന്നത്. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷത വഹിക്കും.
കൂത്തുപറമ്പില്‍ സ്ഥാപിക്കുന്ന വനിതാ ഫുട്ബോള്‍ അക്കാദമി കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിനോടനുബന്ധിച്ചാണ് ആരംഭിക്കുന്നത്. ഉദ്ഘാടന പരിപാടി കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അക്കാദമിയുടെ ലോഗോ പ്രകാശനം കെ.കെ. ശൈലജ എംഎല്‍എ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പിലെ ആദ്യകാല ഫുട്ബോള്‍ താരങ്ങളെ ആദരിക്കും. കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഫുട്ബോള്‍ ജേഴ്സി വിതരണം ചെയ്യും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് ജേഴ്സി ഏറ്റുവാങ്ങും. അമച്വര്‍ ക്ലബുകള്‍ക്കുള്ള ജേഴ്സി ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ വിതരണം ചെയ്യും.
സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യന്‍ വനിതാ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ഫുട്ബോള്‍ ക്ലബുമായി സഹകരിച്ചാണ് വനിതാ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്. കൂത്തുപറമ്പ്, തലശേരി സ്റ്റേഡിയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവര്‍ക്കുള്ള പരിശീലനം.
പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കായിക-യുവജന കാര്യാലയം ഒരുക്കുന്നത്.
രാജ്യാന്തര നിലവാരമുള്ള ആര്‍ട്ടിഫിഷല്‍ ഫുട്ബോള്‍ ഗ്രൗണ്ട്, മികച്ച കായിക ഉപകരണങ്ങള്‍, സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സംവിധാനം, മികച്ച പരിശീലകരുടെ ടീം, സ്ട്രങ്ങ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് എക്സ്പര്‍ട്ട്, ന്യൂട്രീഷന്‍ വിദഗ്ധര്‍ തയാറാക്കിയ ഡയറ്റ് പ്ലാനുകള്‍, ഓരോ കുട്ടിയുടേയും സമഗ്രമായ പുരോഗതി വിലയിരുത്തുന്നതിനുള്ള വിശദമായ ഡാറ്റാ മാനേജ്മെന്റ് അനാലിസിസ് പ്ലാറ്റ്ഫോം, അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ലഭ്യമാക്കും.