27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.
Kerala

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

മാവോവാദി പ്രതിരോധത്തിനായി നാലുവര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 20,000 കോടി രൂപയോളം. സംസ്ഥാന പോലീസ് സേനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍നിന്നടക്കം മാവോവാദികള്‍ പിന്മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യമുണ്ട്.

മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലേതടക്കം രാജ്യത്ത് മാവോവാദി ഭീഷണിയുള്ള 400 പോലീസ് സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് കേന്ദ്രം ഫണ്ട് നല്‍കി. ഒരു സ്റ്റേഷനു രണ്ടുകോടി രൂപയിലേറെയാണു നല്‍കിയത്. 918.88 കോടി രൂപ ഇതിനായി ചെലവിട്ടു. സേനാ ആവശ്യത്തിനുപുറമെ മാവോവാദി സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ട്.

മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ആഭ്യന്തര മന്ത്രാലയം കേരളത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ചുവന്ന ഇടനാഴിയെന്ന സാങ്കല്‍പ്പിക മാവോവാദി സ്വാധീനമേഖലയിലാണുള്ളത്. പട്ടികയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടതാണ് ഈ മൂന്നുസംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ മാവോവാദികളുടെ സജീവസാന്നിധ്യമുള്ള പ്രദേശങ്ങളായിട്ടാണ് നേരത്തെതന്നെ പരിഗണിക്കുന്നത്. ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയാണ് മാവോവാദി സ്വാധീന പ്രദേശങ്ങളുടെ പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശിലേക്കും മധ്യപ്രദേശിലേക്കും മാവോവാദികള്‍ കടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഏഴു സംസ്ഥാനങ്ങളിലെ 106 പ്രദേശങ്ങളിലാണ് ശക്തമായ സ്വാധീനമുള്ളത്. ഇതില്‍ 35 എണ്ണം തീവ്ര സ്വാധീനമേഖലയാണ്. പശ്ചിമഘട്ട മലനിരകളില്‍ കേരളവും കര്‍ണാടകവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് മാവോവാദികള്‍ ഇടത്താവളമാക്കിയിട്ടുള്ളത്.

വലിയതോതില്‍ മാവോവാദി സ്വാധീനമുള്ള ഇടങ്ങളിലേക്ക് 1,000 കോടിയാണ് 2016 മുതലുള്ള മൂന്നുസാമ്പത്തികവര്‍ഷം അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റുമായി കേന്ദ്രം മാറ്റിവെച്ചത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ എ.എന്‍.എഫ്. (ആന്റി നക്‌സല്‍ ഫോഴ്‌സ്), തമിഴ്‌നാട്ടില്‍ എസ്.ടി.എഫ്. (സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്) എന്നീ പ്രത്യേക സേനാ വിഭാഗങ്ങളും തുടങ്ങി.

Related posts

കനത്ത മഴ: 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്‌ ഇളവ്‌………

Aswathi Kottiyoor

ആദിവാസികളുടെ കോർപ്പസ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് എ. ജി

Aswathi Kottiyoor
WordPress Image Lightbox