നാലര മാസമായി അടഞ്ഞു കിടന്ന മ്യൂസിയങ്ങൾ വീണ്ടും സന്ദർശകർക്കായി തുറന്നു. തിരുവനന്തപുരം മ്യൂസിയത്തിൽ ഏറെപ്പേർ ഇന്നലെ എത്തി. മ്യൂസിയം വളപ്പിൽ പ്രഭാത–സായാഹ്ന കാൽനട യാത്രക്കാർക്കും പ്രവേശനം അനുവദിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു പ്രവേശന അനുമതി. മ്യൂസിയം വളപ്പിലെ നേപ്പിയർ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിൽ ഒരേസമയം 25 പേരെയാണു പ്രവേശിപ്പിക്കുക. ശ്രീചിത്ര ആർട് ഗാലറിയിൽ 20 പേർക്കാണു പ്രവേശനം. രാവിലെ 5 മുതലാണു പ്രഭാത നടത്തക്കാർക്കായി മ്യൂസിയം ഗേറ്റ് തുറക്കുക. സായാഹ്ന നടത്തക്കാർക്കു രാത്രി 10 വരെ പ്രവേശനമുണ്ടാകും. മുഖാമുഖം വരുന്നത് ഒഴിവാക്കാൻ നടത്തക്കാർ ഒരേ ദിശയിലേക്കു മാത്രം നടക്കണമെന്നും മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. തിരക്കുണ്ടായാൽ ഗേറ്റുകൾ അടച്ച് നിയന്ത്രിക്കും.
മ്യൂസിയത്തോടു ചേർന്ന മൃഗശാലയും വൈകാതെ തുറക്കും. മൃഗങ്ങൾക്കും കോവിഡ് വ്യാപന സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കിയ ശേഷമാവും സന്ദർശകരെ അനുവദിക്കുക. നിലവിൽ കോവിഡ് വാക്സീൻ സ്വീകരിച്ച ജീവനക്കാർ മാത്രമാണ് പരിപാലനത്തിനായി മൃഗശാലയിലുള്ളത്.