മട്ടന്നൂർ: കോവിഡ് കാല യാത്രാനിരോധനം താത്കാലികമായി അവസാനിച്ചു ഗൾഫ് സെക്ടറിലേക്ക് വിമാനസർവീസ് ആരംഭിച്ചതോടെ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാക്ലേശങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളം എംഡി ഡോ. വി. വേണുവിന് മട്ടന്നൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി നേതാക്കൾ നിവേദനം നൽകി.
വാക്സിനേഷൻ സാക്ഷ്യപത്രം പിഡിഎഫ് ഉണ്ടെന്നിരിക്കെ പ്രിന്റ് ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുക, ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കെ വിദേശ കറൻസി കൈയിൽ വേണമെന്ന് നിർബന്ധിക്കുക, അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു വട്ടം കറക്കുക തുടങ്ങി നിരവധി ദുരനുഭവങ്ങളാണ് കഴിഞ്ഞദിവസം ഖത്തർ വഴി സൗദിയിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ച യാത്രക്കാർക്ക് എയർപോർട്ടിലെ എയർ ലൈൻ കൗണ്ടറിൽനിന്നും എമിഗ്രേഷൻ കൗണ്ടറിൽനിന്നും ഉണ്ടായത്. മാസങ്ങളോളം നാട്ടിൽ കുടുങ്ങി മാനസികമായും സാമ്പത്തികമായും തകർന്ന പ്രവാസികൾ വലിയ പണം മുടക്കി യാത്രയ്ക്കെത്തുമ്പോഴാണ് ഈ ദുരനുഭവങ്ങൾ നേരിടേണ്ടിവരുന്നത്. ഈ കാര്യങ്ങൾ എംഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായതായും അന്വേഷിച്ചു ഉടൻ നടപടിയെടുക്കുമെന്ന് എംഡി ഉറപ്പ് നൽകിയതായും പ്രസിഡന്റ് ഡോ. ടി.പി. മുഹമ്മദ്, സെക്രട്ടറി ഹാഷിം നീർവേലി, കോ- ഓർഡിനേറ്റർ അബൂട്ടി ശിവപുരം, ഷഫീഖ് കയനി എന്നിവർ പറഞ്ഞു.