ഇരിട്ടി: ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പടപൊരുതാൻ കത്തോലിക്കാ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്. പാചകവാതക വിലവർധനവിനെതിരേ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ “അടുപ്പുകൂട്ടി സമരം” ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. കോവിഡ് മഹാമാരി മൂലം സാമ്പത്തികമായി തകർന്ന ജനങ്ങളെ സഹായിക്കാൻ ബാധ്യസ്ഥരായ സർക്കാരുകൾ സഹായത്തിനു പകരം അവരുടെ അനുദിനജീവിതത്തിന്റെ അത്യാവശ്യ ഭാഗമായ പാചക വാതകത്തിന്റെ വില വർധിപ്പിക്കുന്നത് അന്യായവും അംഗീകരിക്കാൻ കഴിയാത്തതുമാണ്.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച മൂലം മലയോരമേഖലയിലെ കർഷകരും ജോലി നഷ്ടപ്പെട്ടതുമൂലം വാണിജ്യ-വ്യവസായ മേഖലയിലെ വലിയൊരു ശതമാനം ജനങ്ങളും ദുരിതത്തിലാണ്. അവർക്ക് താങ്ങും തണലുമാകേണ്ട പദ്ധതികളാണ് സർക്കാർ നടപ്പിൽ വരുത്തേണ്ടത്. അതിനുപകരം ജനങ്ങളുടെ പണം പാചകവാതക-ഇന്ധന വിലവർധനവിലൂടെയും പലതരത്തിലുള്ള നികുതി വർധനവിലൂടെയും കവർന്നെടുക്കുകയാണ് സർക്കാർ. പാചകവാതകത്തിന്റെ വില കുറച്ച് പൂർവസ്ഥിതിയിലാക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. ആന്റണി ആനക്കല്ലിൽ, ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, സിസിലി പുഷ്പക്കുന്നേൽ, ഷീജ സെബാസ്റ്റ്യൻ, അൽഫോൻസ് കളപ്പുര, ജോർജ് കാനാട്ട്, ടോമി വെട്ടിക്കാട്ട്, മാത്യു വെള്ളാംകോട് തുടങ്ങിയവർ പ്രസംഗിച്ചു. അതിരൂപതയിലെ 16 കേന്ദ്രങ്ങളിലും 2750 ഭവനങ്ങളിലും അടുപ്പുകൂട്ടി സമരം നടത്തി.