കോവിഡ് ബാധിച്ച ഒരാള്‍ ജീവനൊടുക്കിയാല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചവര്‍ ജീവനൊടുക്കിയാൽ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് ജസ്റ്റീസുമാരായ എം.ആര്. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിർദേശിച്ചു.
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ കോവിഡ് ബാധിച്ചിട്ടും വിഷബാധ മൂലമോ, ആത്മഹത്യ, കൊലപാതകം, ആപകടമരണം എന്നിവ ഉള്‍പ്പടെ മറ്റു കാരണങ്ങള്‍ കൊണ്ടു മരിച്ചാല്‍ കോവിഡ് മരണം ആയി കണക്കാക്കില്ല എന്ന വ്യവസ്ഥ പുനപരിശോധിക്കണം എന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
മാര്‍ഗനിര്‍ദേശങ്ങളിലെ പ്രസ്തുത വ്യവസ്ഥ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള സാമ്പത്തിക നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 23ന് ഉള്ളില്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. നിര്‍ദേശം നല്‍കിയിട്ടും ഏറെ വൈകുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്.