ചുമട്ടുതൊഴിലാളികൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കപ്പെട്ടാൽ കയ്യൂക്കു കാട്ടുകയല്ല, നിയമപ്രകാരം പരിഹാരം തേടുകയാണു വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണം. ഒരു യൂണിയൻ തൊഴിലാളിയും നിയമം കയ്യിലെടുക്കാൻ പാടില്ലെന്നു സർക്കാർ പറയാത്തത് എന്തുകൊണ്ടാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്നു സർക്കാർ പറയാത്തിടത്തോളം കാലം ഒരു വ്യവസായിയും കേരളത്തിൽ വരാൻ ധൈര്യപ്പെടില്ലെന്നും വാക്കാൽ പരാമർശിച്ചു. നോക്കുകൂലി നിരോധിച്ച് 10 വർഷം കഴിഞ്ഞിട്ടും പരാതികൾ തുടരുന്നു.
കയറ്റിറക്ക്, നോക്കുകൂലി തർക്കങ്ങൾ ചുമട്ടുതൊഴിലാളി നിയമപ്രകാരം എങ്ങനെ പരിഹരിക്കാമെന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. കേരളത്തെ വ്യവസായസൗഹൃദമാക്കാനുുള്ള നടപടികളും അറിയിക്കണമന്നു നിർദേശിച്ചു.