24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള പൊലീസിന്റെ കോൾ സെന്റർ തടഞ്ഞത് 20 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പുകൾ
Kerala

കേരള പൊലീസിന്റെ കോൾ സെന്റർ തടഞ്ഞത് 20 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെതിരായ പരാതികൾക്ക് പരിഹാരം കാണാൻ കേരള പൊലീസ് ആരംഭിച്ച കോൾ സെന്ററിലൂടെ കഴിഞ്ഞ ഒരാഴ്ചയ്ക്കകം തടയാൻ കഴിഞ്ഞത് ഇരുപത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പുകൾ. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും കോൾ സെന്ററിലേക്ക് പരാതികളുടെ പ്രവാഹമാണുണ്ടായത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കോൾസെന്ററിൽ വിവിധ തട്ടിപ്പുകൾക്കിരയായ അഞ്ഞൂറിലേറെപ്പേരാണ് പരാതികളുമായെത്തിയത്. ഇതിൽ 200 ലധികം പരാതികൾ രജിസ്റ്റർ ചെയ്തു. പരാതികൾക്ക് ആസ്പദമായ സംഭവങ്ങൾ ഒരുപാട് നാളുകൾക്കുമുമ്പ് നടന്നതായതിനാൽ പലതും രജിസ്റ്റർ ചെയ്യാനായില്ല. സമീപകാലത്ത് അനവധിപ്പേർ ഓൺലൈൻ പണത്തട്ടിപ്പുകൾക്ക് ഇരയാവുന്ന സാഹചര്യത്തിലാണ് കേരള പൊലീസ് കോൾ സെന്റർ എന്ന ആശയവുമായി മുന്നോട്ടുവന്നത്. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ പരാതിക്ക്‌ കാലതാമസമില്ലാതെ പരിഹാരം ലഭിക്കാൻ ഇതിലൂടെ കഴിയും.

20 ലക്ഷം @ 7ദിവസം

കോൾ സെന്ററിന്റെ പ്രവർത്തനം ആദ്യ ആഴ്ച പിന്നിടുമ്പോൾ തടയാൻ കഴിഞ്ഞത് 20 ലക്ഷം രൂപയുടെ തട്ടിപ്പുകളാണ്. രാജ്യത്തിനകത്തും പുറത്തുമായി വിവിധ തട്ടിപ്പുകാരും കൊള്ള സംഘങ്ങളും നടത്തിയ ഇടപാടുകൾക്ക് ഇതിലൂടെ തടയിട്ടിരിക്കുകയാണ്.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ പണം വൈകാതെ പരാതിക്കാരുടെ അക്കൗണ്ടിലേക്ക് തിരിച്ചെത്തും. തട്ടിപ്പുനടന്ന് 48 മണിക്കൂറിനകം സൈബർ ക്രൈം പോർട്ടൽ നമ്പറിൽ അറിയിച്ചാൽ ഇടപാട് റദ്ദാക്കാൻ സാധിക്കും.

പോർട്ടലിന്റെ പ്രവർത്തനം

കേന്ദ്രസർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആന്റ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനം പ്രവർത്തിക്കുന്നത്. സൈബർ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാലുടൻ ഉപഭോക്താക്കൾ കോൾസെന്ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ പൊലീസ് അടിയന്തരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടർന്ന് പരാതികൾ സൈബർ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.

പൊലീസിനെ കൂടാതെ ബാങ്കുകൾ, ഓൺലൈൻ വ്യാപാര പോർട്ടലുകൾ,​ ഇ-വാലറ്റുകൾ എന്നിവയുടെ നോഡൽ ഓഫീസർമാരും സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പരാതി രജിസ്റ്റർ ചെയ്താലുടൻ തട്ടിപ്പുനടത്തിയ ഇടപാട് തടഞ്ഞുവയ്ക്കാൻ സാധിക്കും. തട്ടിപ്പുസംഘങ്ങൾ നാലോ അഞ്ചോ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാലും ഇടപാട് റദ്ദാക്കാൻ കഴിയും. ആദ്യ ഇടപാടിന് ശേഷം തട്ടിപ്പുകാർ എ.ടി.എം വഴി പണം പിൻവലിച്ചാൽ പരാതി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും.

രജിസ്റ്റർ ചെയ്യുന്ന പരാതിയുടെ ഒരുപകർപ്പ് പൊലീസിനും മറ്റൊന്ന് തട്ടിപ്പുനടന്ന ബാങ്ക്, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും ഉടൻ ലഭിക്കുകയും ചെയ്യും. ഈ സ്ഥാപനങ്ങൾ അപ്പോൾത്തന്നെ ആദ്യ നടപടിയായി ഇടപാട് റദ്ദാക്കണമെന്നാണ് നിർദേശം.

ടോൾഫ്രീ നമ്പർ: 155260.

ഡിജിറ്റൽ തട്ടിപ്പിൽവൻ വർദ്ധന

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ പണ ഇടപാടുകൾ കൂടിയതോടെ രാജ്യത്ത് ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളും കൂടിയതായാണ് റിപ്പോർട്ട്. 2020 ലെ അവസാന നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം മേയ് മാസം വരെ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങളിൽ 88 ശതമാനം വർദ്ധനയുണ്ടായെന്ന് ട്രാൻസ് യൂണിയൻ നടത്തിയ പഠനത്തിൽ പറയുന്നു. സുരക്ഷിതമല്ലാത്ത ലിങ്കുകളിലൂടെയുള്ള ബാങ്ക് ഇടപാടുകൾ, വിശ്വാസ്യതയില്ലാത്ത ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ് ഡിജിറ്റിൽ സാമ്പത്തിക തട്ടിപ്പുകൾ അധികവും നടക്കുന്നത്. ഒ.ടി.പി, പാസ് വേഡ്, പിൻ നമ്പർ തുടങ്ങിയവ പങ്കുവയ്ക്കുന്നതിലൂടെയുള്ള തട്ടിപ്പും വർദ്ധിച്ചിട്ടുണ്ട്.

പരാതിക്ക് താമസം അരുത്

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർ കാലതാമസമില്ലാതെ ടോൾഫ്രീ നമ്പരിൽ വിളിച്ച് പരാതി അറിയിക്കണം. 24 മണിക്കൂറും കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. പരാതി നൽകാൻ വൈകുംതോറും തട്ടിപ്പുതടയാൻ ബുദ്ധിമുട്ടാകും.

Related posts

ഏഴുമാസത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ചത്‌ 80,000 സംരംഭങ്ങൾ: മന്ത്രി പി രാജീവ്

Aswathi Kottiyoor

*അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു.*

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox