27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഗ്രോ ബാഗ് പച്ചക്കറിക്കൃഷി; തയ്യാറെടുപ്പുകള്‍ അറിയാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Kerala

ഗ്രോ ബാഗ് പച്ചക്കറിക്കൃഷി; തയ്യാറെടുപ്പുകള്‍ അറിയാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഒരാള്‍ ഒരുദിവസം 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് കണക്ക്. 125 ഗ്രാം ഇലക്കറിയും 100 ഗ്രാം കിഴങ്ങുവര്‍ഗങ്ങളും 75 ഗ്രാം കായ്കറികളും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ദിവസേന ഉള്‍പ്പെടുത്തണം. ടെറസിലേക്ക് വഴിമാറിയ പച്ചക്കറി കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകളാണ്.

തയ്യാറെടുപ്പ്

പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമികരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മായംകൂടി ഓരോ ഗ്രോബോഗിലും ചേര്‍ക്കണം.

ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കാനായി ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ച് കൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വെക്കണം.

വിത്താഴം

വിത്ത് ആറ് മണിക്കൂര്‍ നേരം കുതിര്‍ത്തുവെച്ചതിന് ശേഷം നടണം. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കാന്‍ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലണെങ്കിലും പച്ചക്കറി വിത്തുകള്‍ ആഴത്തില്‍ നടരുത്. വിത്തിന് പകരം തൈയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച തണലില്‍വെച്ച് രാവിലെയും വൈകുന്നേരവും നനയ്ക്കണം.

ഇടയകലം

ടെറസും സജ്ജമാക്കണം. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് ടെറസില്‍ അടിച്ചു ടെറസ് ഒരുക്കാം. ടെറസില്‍ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വെക്കണം. രണ്ട് വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കുന്നതാണ് ഇടയകലത്തിലെ നയം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യം.

ജൈവവളക്കൂട്ടുകള്‍

മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ് വളര്‍ച്ചയിലും വിളവിലും വിഘ്നമില്ലാതിരിക്കാന്‍ പത്തുദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ നല്‍കണം. ഒരേ വളംതന്നെ ചേര്‍ക്കാതെ പലതരം വളം ചേര്‍ക്കാം. ജീവാണുവളങ്ങളായ പി.ജി.പി.ആര്‍. മിക്സ്-1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുമ്പോട്ട് നയിക്കും. കാന്താരി മുളക്-ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് പച്ചക്കറികൃഷിയിലെ വില്ലന്മാരായ കീടങ്ങളെ അകറ്റാന്‍ സഹായിക്കും.

രോഗങ്ങളെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് ഉത്തമം. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറിത്തോട്ടത്തില്‍ നിലനിര്‍ത്താനും വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയില്‍ കൂടെ കൂട്ടാം.

വിവരങ്ങള്‍ക്ക്: 94460 71460

Related posts

കാർഷിക മേഖല കാർബൺ മുക്തമാകണം : മന്ത്രി പി പ്രസാദ്

Aswathi Kottiyoor

നാ​ലു ജി​ല്ല​ക​ളിൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രിപ്പിൾ ലോ​​​ക്ഡൗ​​​ണ്‍

Aswathi Kottiyoor

ഉക്രയ്‌നിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി

Aswathi Kottiyoor
WordPress Image Lightbox