22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • സഞ്ജീവനി വനം നഗരവനമായി – ജനങ്ങളുടെ ഹൃദയവനമാക്കാനുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കണം
Iritty

സഞ്ജീവനി വനം നഗരവനമായി – ജനങ്ങളുടെ ഹൃദയവനമാക്കാനുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കണം

ഇരിട്ടി : വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഒന്നരപതിറ്റാണ്ട് മുൻപ് ഇരിട്ടി വള്ള്യാട് ആരംഭിച്ച സഞ്ജീവനി വന പദ്ധതി ഇന്ന് ശരിക്കും ഒരു നഗരവനമായി മാറി. മേഖലയിലെ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനുതകുന്ന വിധം ഒരു ഔഷധോദ്യാനമാക്കി മാറ്റുക എന്നതായിരുന്നു ഇത് തുടങ്ങുമ്പോൾ അന്നത്തെ ലക്‌ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയെങ്കിലും രണ്ടു വർഷം കഴിയുമ്പോഴേക്കും ഇതിന്റെ പ്രവർത്തനം നിലക്കുകയും പദ്ധതി പ്രദേശം കാടുകയറുകയുമായിരുന്നു.
ഇരിട്ടി – എടക്കാനം റോഡിൽ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള 10 ഹെക്ടർ സ്ഥലമാണ് സർക്കാർ 30 വർഷത്തേക്ക് ഇതിനായി വിട്ടു നൽകിയത്. ഇതിൽ രണ്ടര ഹെക്ടർ സ്ഥലത്താണ് സാമൂഹിക വനവൽക്കരണ വിഭാഗം നിരവധി തരത്തിലുള്ള ഔഷധ ചെടികളും വൃക്ഷങ്ങളും വെച്ച് പിടിപ്പിച്ചത്. ഓരോ ചെടിയുടെ മുന്നിലും അതിന്റെ ശാസ്ത്ര നാമവും നാട്ടു പേരുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർക്കും കണ്ട് പരിചയപ്പെടാനും പഠിക്കുവാനും ഉതകുന്നതരത്തിലുള്ള മനോഹരമായ ഒരു ഔഷധോദ്യാനം തന്നെ ആയിരുന്നു ഇത്. എന്നാൽ പൊടുന്നനെ ഇതിന്റെ പ്രവർത്തി നില്ക്കുന്നതാണ് പിന്നീട് കാണാനായത്.
ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉദ്യാനം കാട് കയറുകയും കന്നുകാലികളുടെ മേച്ചിൽ സ്ഥലമായി ഇവിടം മാറുകയും ചെയ്തു. സാമൂഹ്യ ദ്രോഹികൾ കയ്യേറ്റക്കാരാവുകയും വിവിധ തരത്തിലുള്ള ഔഷധങ്ങൾ കടത്തുകയും ചെയ്തു. ചന്ദനം, രക്തചന്ദനം മുതലായവ മുറിച്ചു കടത്തി. ഇതിനോട് ചേർന്ന പുഴയോരം മദ്യപാനികളുടെയും ചീട്ടുകളിക്കാരുടെയും താവളമായി മാറി.
എന്നാൽ ഈ പ്രദേശം ഇന്ന് ശരിക്കും ഒരു നഗരവനമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. വേനൽക്കാലങ്ങളിൽ മൂന്നു വശവും പഴശ്ശിയുടെ വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പച്ചപ്പിന്റെ മേലാപ്പ് തീർത്തുനിൽക്കുകയാണ് ഈ ഭൂമി. ഇരിട്ടി പട്ടണത്തിൽ നിന്നും , തലശ്ശേരി വളവുപാറ റോഡിലെ കീഴൂർ കവലയിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം അകലം . പ്രകൃതിക്ക് കോട്ടം വരുത്താതെ ഇരിട്ടി മേഖലയിലെ ജനങ്ങൾക്കുതകുന്ന വിധം ഈ വനത്തെ പ്രയോജനപ്പെടുത്തി മനോഹരമായ ഒരു ഇക്കോ പാർക്ക് ഇവിടെ നിർമ്മിക്കാനാവും. അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതോടൊപ്പം ഇരിപ്പിടങ്ങളും മറ്റു വിനോദോപാധികളും ഒരുക്കണം . ഒരു ഭാഗം ബാവലിപ്പുഴ അതിരിടുന്നതുകൊണ്ടു തന്നെ ഈ ഭാഗത്തെ പ്രയോജനപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകണം. ഇപ്പോൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു രണ്ടര ഹെക്ടറിന് പുറമേ ബാക്കിയുള്ള ഏഴര ഹെക്ടറോളം സ്ഥലം കൂടി ഉപയോഗപ്പെടുത്തണം. ഇപ്പോൾ ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്ന അകംതുരുത്തി ദ്വീപും പെരുമ്പറമ്പിലെ പഴയ മഹാത്മാഗാന്ധി പാർക്കും ഇതിന്റെ മറുകരകളിലാണ് . ഒരു വാൻ നഗരമായി മാറിക്കൊണ്ടിരിക്കുന്ന ഇരിട്ടിക്ക് തിരക്കിൽ നിന്നിഴിഞ്ഞ് അൽപ്പനേരം സമയം കൊല്ലാനും ഉല്ലസിക്കാനും ഒരു വിനോദ -വിശ്രമ കേന്ദ്രമോ പാർക്കോ ഇല്ല. ഇവിടം വികസിപ്പിക്കുന്നതോടൊപ്പം ഇതിനു ഒരു പരിധിവരെ പരിഹാരം കാണാനാകും.
നേരത്തേ ഇവിടെ ഒരു താത്കാലിക ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരും ഇല്ലാത്ത അവസ്ഥയാണ്. അൽപ്പം പരിശ്രമമുണ്ടെങ്കിൽ ഈ നഗരവനത്തെ ഇരിട്ടിയുടെ ഹൃദയ വനമാക്കി മാറ്റാൻ കഴിയും. വനം വകുപ്പ് സാമൂഹ്യ വനവൽക്കരണവിഭാഗം ഇതിനു തെയ്യാറല്ലെങ്കിൽ പരിതസ്ഥിതി സംഘടനകളെയോ വ്യക്തമായ നിബന്ധനകളോടെ മറ്റ് സ്വകാര്യ ഏജൻസികളെയോ ഏൽപ്പിക്കാൻ അധികൃതർ തയ്യാറാവണം. ഈ പച്ചപുതച്ച ഹരിതവനം നശിക്കാനുള്ളതല്ല നാട്ടിനും നാട്ടാർക്കും പ്രയോജനപ്പെടുന്നതാവണം. എങ്കിൽ കുറച്ച് നാട്ടുകാർക്കെങ്കിലും തൊഴിലിടം കൂടിയാകും ഇവിടം.

Related posts

സ്‌കൂട്ടി മോഷ്ടിച്ച് കടന്ന പതിനഞ്ചുകാരൻ മാനന്തവാടിയിൽ വെച്ച് പിടിയിൽ

Aswathi Kottiyoor

മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന്

Aswathi Kottiyoor
WordPress Image Lightbox