ഇരിട്ടി∙ വർഷങ്ങളായി തുടരുന്ന ആന തുരത്തൽ പ്രഹസനത്തിനു അറുതിയില്ലാത്തതാണു കർഷകരെ ഭീതിയിലാക്കുന്നത്. ഒരു ദിവസം കാട്ടിലേക്ക് തുരത്തിയെന്നു പറയുന്ന ആനകളുടെ എണ്ണം വനപാലകർ പ്രഖ്യാപിക്കുമ്പോൾ അടുത്ത ദിവസം കർഷകരുടെ കൃഷി നാശത്തിന്റെ കണക്കാണ് പുറത്ത് വരുന്നത്.വർഷങ്ങളായി തുടരുന്ന ആന തുരത്തലിനു ഫലം കാണാത്തത് പ്രശ്നം രൂക്ഷമാക്കുകയാണ്. പരമ്പരാഗതമായി കുറുവടിയും പടക്കം പൊട്ടിക്കലും പാട്ട കൊട്ടലുമായ് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുമ്പോൾ അടുത്ത വഴിയിൽ കൂടി ആനകൾ നാട്ടിൽ ഇറങ്ങുകയാണ്.വനത്തിൽ തീറ്റ ഇല്ലാതാവുകയും ജനവാസകേന്ദ്രത്തിൽ കർഷകർ നട്ടു നനച്ച് വളർത്തിയ കാർഷിക വിളകൾ ആവശ്യത്തിന് ലഭിക്കുമ്പോൾ ആനകൾ നാട്ടിൽ ഇറങ്ങുമെന്നു അറിയാൻ വലിയ ആന ഗവേഷണം ഒന്നും വേണ്ട.
വന്യ ജീവികൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാൻ വനത്തിൽ സംവിധാനം ഒരുക്കുന്നതിനോ വന്യ ജീവികളെ നാട്ടിൽ ഇറങ്ങുന്നത് തടയാനുള്ള ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനോ അധികൃതർ തയാറാത്തതാണ് പ്രശ്നം.വന്യ ജീവി സങ്കേതത്തിന് സമീപത്തെ പഞ്ചായത്തുകളിൽ മുഴുവൻ കർഷകരും കൃഷി ഉപേക്ഷിച്ചാൽ അടുത്ത പഞ്ചായത്തുകളിലെ കൃഷിയിടത്തിൽ ആനകളും വന്യ ജീവികളും എത്തുമെന്ന കാര്യത്തിലും സംശയമില്ല.ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ആന മതിൽ, ആന വേലി തുടങ്ങിയ പരമ്പരാഗത സങ്കൽപത്തിൽ നിന്ന് അധികൃതർ മുന്നോട്ട് പോവാത്തതാണു കർഷകന്റെ നെഞ്ചത്ത് കയറി വന്യജീവികൾ ചവിട്ടി മെതിക്കാൻ കാരണം.കുറ്റം അധികൃതരുടേത് ആയാലും നാട്ടിലിറങ്ങുന്ന കാട്ടാനയുടേത് ആയാലും നഷ്ടം കർഷകന് മാത്രമായി ചുരുങ്ങുകയാണ്.കഴിഞ്ഞ ദിവസം 10 ആനകളെ കാട്ടിലേക്ക് തുരത്തിയെന്നു വനപാലകർ അവകാശപ്പെട്ടെങ്കിലും മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ 1000ത്തോളം വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.ഇന്നലെ ആറളം പഞ്ചായത്തിലെ ചെടികുളത്ത് ജനവാസ കേന്ദ്രത്തിൽ എത്തിയ കാട്ടാനക്കൂട്ടം കുലച്ചതും, കുലക്കാറായതുമായ 100കണക്കിന് വാഴകളും മൂന്ന് വർഷം പ്രായമായ കവുങ്ങിൻ തൈയും കപ്പയും നശിപ്പിച്ചു.
11 ആനകളെ തുരത്തി
ഇരിട്ടി∙ആറള ഫാമിൽ നിന്നു 11 ആനകളെ കൂടി വനത്തിലേക്ക് തുരത്തി. കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക്കിന്റെ നിർദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, എസ്എഫ്ഒ കെ. ജിജിൽ, സി.കെ.മഹേഷ്, ആറളം വൈൽഡ് ലൈഫ് ടീം ആർആർടി ടിം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, ഫാം സെക്യൂരിറ്റി ടിം വനം വകുപ്പിലെ താൽക്കാലിക വാച്ചർമാർ അടക്കം 35 ഓളം ആളുകൾ പങ്കെടുത്തു. ആനയെ തുരത്തൽ ഇന്നും തുടരും.