25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുദ്ര പതിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം കേരളം ഇടപെട്ടു; ചാപ്പ കുത്തൽ നിർത്തി കർണാടകം.
Kerala

മുദ്ര പതിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം കേരളം ഇടപെട്ടു; ചാപ്പ കുത്തൽ നിർത്തി കർണാടകം.

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് ബാവലി ചെക് പോസ്റ്റിൽ കർണാടക അധികൃതർ ചാപ്പകുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. ക്വാറന്റൈൻ മുദ്ര എന്നപേരിലാണ്‌ ഈ അപരിഷ്‌കൃത ചാപ്പകുത്തൽ. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവരും ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്തവരെയുമെല്ലാമാണ്‌ ഈ രീതിയിൽ അവഹേളിച്ചതെന്ന്‌ കർഷകരും വ്യാപാരികളും പറഞ്ഞു. കേന്ദ്ര മാർഗ നിർദേശങ്ങളടക്കം ലംഘിച്ച നടപടി വിവാദമായതോടെ കർണാടക പിന്നീട്‌ പിൻമാറുകയായിരുന്നു.

ബാവലി ചെക് പോസ്റ്റിൽ വച്ച് ചാപ്പ കുത്തിയതായി പടിഞ്ഞാറത്തറയിലെയും എടവകയിലെയും രണ്ടു കർഷകർ പരാതിയുമായി രംഗത്തു‌ വന്നതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌. കൂടുതൽ പേരുടെ ശരീരത്തിൽ ഈ രീതിയിൽ മുദ്രയടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ കർണാടകം പിൻവലിയുകയായിരുന്നു.

‘”ജയിൽപ്പുള്ളികളോട് പെരുമാറുന്ന തരത്തിലാണ് ആരോഗ്യ പ്രവർത്തകർ പെരുമാറിയത്. മാനന്തവാടിയിൽ നിന്നുള്ള ആർ ടി പി സി ആർ ടെസ്റ്റ് റിസൽട്ട് ഉണ്ടായിട്ടും കൈയിൽ സീൽ ചെയ്തതിനുശേഷം ഏഴുദിവസം നിർബന്ധിത സമ്പർക്ക വിലക്ക്‌ നിർദേശിച്ചു’’– കൈയിൽ സീൽ വെക്കപ്പെട്ട മാനന്തവാടി സ്വദേശി നസീർ പറഞ്ഞു. സംഭവത്തിൽ പൊതുപ്രവർത്തകനായ കണിയാരം സ്വദേശി മുനീർ പാറക്കടവത്ത്‌ മനുഷ്യാവകാശ കമീഷന്‌ പരാതിയും നൽകി.

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് ചാപ്പ കുത്തിയ സംഭവത്തിൽ ബിജെപി നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ സംഭവം കർഷകരോടും ജില്ലയിലെ ജനങ്ങളോടുമുള്ള കടുത്ത അവഹേളനമാണ്‌. ക്വാറന്റൈൻ മുദ്ര എന്നപേരിൽ ‌ നടത്തിയ ഈ അപരിഷ്‌കൃത ചാപ്പകുത്തൽ സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെട്ടതിനാലാണ്‌ നിർത്തിക്കാൻ സാധിച്ചത്‌.

കർണാടകം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി കാടത്തമാണ്‌. തൊട്ടതിനെല്ലാം കേരളത്തെ കുറ്റപ്പെടുത്തുന്ന ബിജെപി ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കർണാടക ബിജെപി സർക്കാരിന്റെ ഈ അപരിഷ്‌കൃത സമീപനത്തിൽ നയം വ്യക്തമാക്കണം. വിഷയത്തിൽ രാഹുൽഗാന്ധിയും മറുപടി പറയണം. വയനാട്‌ പാർലമെന്റംഗമായ രാഹുൽഗാന്ധി വിഷയത്തിൽ സ്വീകരിക്കുന്ന മൗനം കോൺഗ്രസ്‌ നിലപാടാണോയെന്നും കോൺഗ്രസ്‌ വ്യക്തമാക്കണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

സംഭവത്തിൽ സർക്കാർ ഇടപെടൽ അഭ്യർഥിച്ച്‌ ഒ ആർ കേളു എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതോടെയാണ്‌ ചാപ്പകുത്തലിന്‌ പരിഹാരമായത്‌. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ എംഎൽഎ ഇടപെട്ടു. നിരവധിയായ മലയാളികൾ കൃഷിക്കായി കർണാടകയെ ആശ്രയിക്കുന്നതായും, നിരവധി കർഷകർ ജില്ലയിലെ വിവിധ ചെക് പോസ്റ്റുകളിലൂടെ കർണാടകയിലേക്ക് യാത്ര ചെയ്യുന്നതായും എംഎൽഎ കത്തിൽ പറഞ്ഞു. അവരുടെ ഉപജീവനമാർഗം തടസ്സപ്പെടാതിരിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ അഭ്യർഥിച്ചു.

Related posts

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​കം

Aswathi Kottiyoor

അപായ സൂചനകൾ തോന്നുന്നോ: വിളിക്കാം ഇ സഞ്ജീവനി ഡോക്ടർമാരെ

Aswathi Kottiyoor

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പിന്നിട്ടു ; ഇന്ന് വാക്‌സിൻ നൽകിയത് 4.76 ലക്ഷം പേർക്ക്

Aswathi Kottiyoor
WordPress Image Lightbox