ഇരിട്ടി: കോവിഡിന്റെ പേരില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ ഭരണ കൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. അത്യാഹിതം സംഭവിച്ച് അതിര്‍ത്തി കടന്ന് ആശുപത്രികളില്‍ എത്തേണ്ടവര്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ നേടുന്നവര്‍ക്കും നിയന്ത്രണങ്ങളില്‍ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇത്തരം യാത്രക്കാര്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും ചെക്ക് പോസ്റ്റില്‍ തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സംവിധാനവുമുണ്ട്. ഇവരുടെ പരിശോധനാഫലം ചെക്ക് പോസ്റ്റില്‍ വച്ച് ബന്ധപ്പെട്ടവരെ അറിയിക്കും. വാരാന്ത ലോക്ഡൗണ്‍ സമയത്ത് പരീക്ഷയെഴുതാന്‍ പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചും ബംഗളൂരുവില്‍നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് കാണിച്ചാലും യാത്രാനുമതി നല്‍കും.
രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണങ്ങളെല്ലാം നീക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് കേരളത്തില്‍നിന്നു കുടകിലേക്കുള്ള യാത്രക്കാര്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും ബസ് സര്‍വീസീനും എര്‍പ്പെടുത്തിയ നിയന്ത്രണം ഈമാസം 13 വരെ നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു നിയന്ത്രണം. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ 13 വരെ നീട്ടിക്കൊണ്ട് കുടക് അസിസ്റ്റന്റ് കമ്മീഷണർ ചാരുലത സോമല്‍ കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കി.
നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരുന്നതോടൊപ്പം കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനും കര്‍ശനമാക്കി. നിലവില്‍ തുടരുന്ന രാത്രികാല കര്‍ഫ്യൂവും വ്യക്തികള്‍ക്ക് 72മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ഫിക്കറ്റും ചരക്കുവാഹനതൊഴിലാളികള്ക്ക് ഏഴു ദിവസത്തിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമാണ് വേണ്ടത്.
കുടകില്‍നിന്നു കേരളത്തിലേക്കും കേരളത്തില്‍നിന്ന് കുടകിലേക്കുമുള്ള എല്ലാ ബസ് സര്‍വീസുകള്‍ക്കുമുള്ള യാത്രാനിരോധനം 13 വരെ തുടരും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണിനും ഇളവ് അനുവദിച്ചില്ല. നാളെ വൈകുന്നേരം അഞ്ചുവരെ മാത്രമായിരിക്കും മാക്കൂട്ടം വഴിയുള്ള പ്രവേശനത്തിന് അനുമതിയുണ്ടാകുക. നിത്യയാത്രക്കാര്ക്കാണ് ക്വാറന്റൈൻ നിര്‍ബന്ധിതമാക്കിയത് ഏറെ തിരിച്ചടിയായത്. കുടകിലേക്ക് തൊഴിലാളികളും വ്യാപാരികളുമുള്പ്പെടെ വലിയൊരുവിഭാഗം മലയാളികള്‍ ദിനംപ്രതി യാത്രചെയ്ത് ജോലിസ്ഥലത്ത് എത്തുന്നവരാണ്.