ഇരിട്ടി: കിളിയന്തറയില്‍ നിര്‍മിച്ച കാലിവസന്ത രോഗ നിര്‍മാര്‍ജന പരിശോധന കേന്ദ്രം (ഇരിട്ടി റിന്‍ഡര്‍ പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക് പോസ്റ്റ്) ഓഫീസ് മന്ദിരം നാളെ ഉച്ചയ്ക്ക് ഒന്നിന് കിളിയന്തറ ചെക്ക് പോസ്റ്റ് പരിസരത്ത് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.സുധാകരന് എംപി മുഖ്യാതിഥിയായിരിക്കും. ജന്തുജന്യ രോഗങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.
മൃഗ സംരക്ഷണ വകുപ്പിനു കീഴില്‍ 1965 ഓഗസ്റ്റ് എട്ടിനു തുടങ്ങിയ ഇരിട്ടി ആര്‍പി ചെക്ക് പോസ്റ്റിനു കിളിയന്തറയില്‍ 12.5 ലക്ഷം രൂപ ചെലവില്‍ പ്രീ ഫാബിക്കേറ്റഡ് കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ഗെയിംസിനു ഉപയോഗിച്ച കെട്ടിടം പൊളിച്ച് കിളിയന്തറയില്‍ എത്തിച്ചു ഭേദഗതികളോടെ പുനര്‍നിര്‍മിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കു വളര്‍ത്തുന്നതിനും മാംസ ആവശ്യത്തിനും എത്തിക്കുന്ന പക്ഷിമൃഗാദികളും അനുബന്ധ ഉത്പന്നങ്ങളും രോഗവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു ചെക്ക് പോസ്റ്റില്‍ ചെയ്യുന്നത്. രോഗാവസ്ഥയിലുള്ളവയെ തിരിച്ചയക്കും.
56 വര്‍ഷം മുന്‍പ് സ്ഥാപിതമായപ്പോള്‍ കാലിവസന്ത രോഗ നിര്‍മാര്‍ജനമായിരുന്നു പ്രഥമ ലക്ഷ്യം. കര്‍ണാടകയില്‍ നിന്നു അറവുമാടുകള്‍ കേരളത്തിലേക്കു എത്തിയിരുന്നതു കിളിയന്തറ വഴിയാണ്. പതിനായിരകണക്കിനു കാലികളെയാണ് മുന്‍പ് വള്ളിത്തോട് ചന്ത മുഖേന വിറ്റഴിച്ചിരുന്നത്. ഇവയെ എല്ലാം പരിശോധിച്ചു രോഗം ഇല്ലെന്നും ഉറപ്പു വരുത്തുകയും പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ചെയ്തിരുന്നതു ഈ ചെക്ക് പോസ്റ്റ് വഴിയാണ്.
കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം നടപ്പിലാകുകയും അറവു മാടുകളുടെ വരവ് ഇല്ലാതാവുകയും ചെയ്തതോടെ ഈ സാഹചര്യം ഇല്ല. കാലി വസന്തയും ഇല്ലാതായി. ഇതോടെ മറ്റു രോഗങ്ങള്‍ ഉള്‍പ്പെടെ ഉണ്ടോയെന്ന പരിശോധനയാണു ഇപ്പോള്‍ നടത്തുന്നത്. ഒരു മൃഗത്തിന് 35 രൂപ നിരക്കിൽ ഫീസും ചെക്ക് പോസ്റ്റില്‍ അടയ്ക്കണം. 12 വര്‍ഷമായി കിളിയന്തറയില്‍ നവനളന്ദ വായനശാലയുടെ കെട്ടിടത്തിലാണു ചെക്ക് പോസ്റ്റ് വാടക രഹിതമായി പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഫീല്‍ഡ് ഓഫിസറും മൂന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാരും രണ്ട് അറ്റന്ഡറുമായും ജോലി ചെയ്യുന്ന ഇവിടെ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. കിളിയന്തറയില്‍ ജിഎസ്ടി വിഭാഗം വിട്ടു നല്കിയ അഞ്ച് സെന്റ് സ്ഥലത്താണു കെട്ടിടം പണിതിരിക്കുന്നത്. കുടിവെള്ള സൗകര്യമില്ല. ജിഎസ്ടി നിയന്ത്രണത്തിലുള്ള സ്ഥലത്തെ കിണറില്‍ നിന്നാണു വെള്ളം എടുക്കുന്നത്. ആര്‍പി ചെക്ക് പോസ്റ്റ് സ്ഥലത്ത് കുഴല്‍ കിണര്‍ അനുവദിക്കണമെന്നു ആവശ്യം ഉണ്ട്.
കോവിഡ് ഭീഷണി കൂടി ഉണ്ടായിരുന്ന 2020 – 2021 ല്‍ വളര്ത്താവശ്യത്തിനുള്ള 25 പശുക്കള്‍, 124 പന്നികള്‍, 2,023,010 ബ്രോയിലര്‍ കോഴികള്‍, 700 ആടുകള്‍, 3917 ടണ്‍ വൈക്കോല്‍, 5,50,5000 മുട്ടകള്‍ എന്നിവയാണു ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തിയത്.
previous post