പേരാവൂർ: കാട്ടാന ആക്രമണം തുടര്‍ക്കഥയായ കാളികയം മുതല്‍ പാലപ്പുഴ വരെയുള്ള പ്രദേശത്ത് എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിൽ ഹാങ്ങിംഗ് ഫെന്‍സിംഗ് നിർമിക്കുന്നതിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ സഹകരണത്തോടെയാണ് ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.
13 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. നാലു മീറ്റര്‍ പൊക്കത്തില്‍ ഓരോ മീറ്റര്‍ ഇടവിട്ട് റോപ്പ് കേബിള്‍ തൂക്കിയിട്ടാണ് ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിക്കുന്നത്. മറ്റ് ഫെന്സിംഗുകളെ അപേക്ഷിച്ച് ഇടയ്ക്കിടെയുള്ള തൂണുകള്‍ ഇല്ലാത്തതിനാല്‍ കാട്ടാനകള്‍ നശിപ്പിക്കുന്നത് താരതമ്യേന കുറയ്ക്കാന്‍ കഴിയമെന്നതാണ് പ്രത്യേകത.
രണ്ടാംഘട്ടത്തില്‍ അഞ്ചര കിലോമീറ്റര്‍ ദൂരത്തിലാണ് ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ കാട്ടാന ശല്യം കുറവാണെന്നും മറ്റ് മേഖലകളില്‍ കൂടി പ്രദേശവാസികളുടെ സഹകരണത്തോടെ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിച്ചാല്‍ കാട്ടാന ശല്യം പരിഹരിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ജനകീയ കമ്മിറ്റി കണ്‍വീനര്‍ ബേബി കുര്യന്, മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ. മഹേഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടത്തിയത്.