രാജ്യത്ത് നാളികേര ഉൽപാദനത്തിൽ കേരളം ഒന്നാമതാണെങ്കിലും ഉൽപാദനക്ഷമതയിൽ പിന്നിൽ. തമിഴ്നാട്, ഗുജറാത്ത്, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ ഹെക്ടറിന് പന്ത്രണ്ടായിരത്തിനു മുകളിലാണു ഉൽപാദനക്ഷമതയെങ്കിൽ കേരളത്തിൽ 9000 പോലുമില്ല. ഉൽപാദനത്തിൽ കർണാടകയും തമിഴ്നാടും കേരളത്തിനു തൊട്ടുപിന്നിലുണ്ട്.
സംസ്ഥാനത്ത് നാളികേര മേഖലയുടെ വികസനത്തിനായി ഈ സാമ്പത്തികവർഷം സർക്കാർ 84 കേരഗ്രാമം പദ്ധതികൾ നടപ്പാക്കും. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ 21,000 ഹെക്ടറിലായി 3 വർഷത്തേക്കാണു പദ്ധതി. ഒരു ഗ്രാമത്തിന് 75 ലക്ഷം രൂപ നീക്കിവയ്ക്കും. സംയോജിത പരിപാലനം, വളപ്രയോഗം, ജലസേചനം, മണ്ണിര കംപോസ്റ്റ് നിർമാണം, മൂല്യവർധിത ഉൽപന്ന നിർമാണം എന്നിവയാണു പദ്ധതിയിലുള്ളത്.