കോവിഡ് കാലത്ത് റേഷൻകടകൾ വഴി 11 മാസം സൗജന്യ കിറ്റ് വിതരണം നടത്തിയതിന്റെ കമ്മീഷൻ നൽകണമെന്നാവശ്യപ്പെട്ടു റേഷൻ വ്യാപാരികൾ ഇന്നു മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ധർണ രാവിലെ 10-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 22 വരെ ശനി, ഞായർ ഒഴികെ വിവിധ ജില്ലാകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും.
സമരത്തിന് പരിഹാരം കണ്ടില്ലെങ്കിൽ 23 മുതൽ താലൂക്കുകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരം ആരംഭിക്കും. സത്യഗ്രഹം കൊണ്ട് ഫലമില്ലെങ്കിൽ റേഷൻകടകൾ അടച്ചിടും. സർക്കാർ 6000 കോടി രൂപ മുടക്കി കിറ്റ് നൽകിയപ്പോൾ ഒരു കിറ്റിന് 1.60 രൂപ നിറയ്ക്കാനും 12 രൂപ സഞ്ചിക്കും കയറ്റിറക്കു കൂലിയും നൽകി. റേഷൻ വ്യാപാരികൾക്ക് ആദ്യമാസം ഒരു കിറ്റിന് ഏഴു രൂപ നിരക്കിൽ കമ്മീഷൻ നൽകിയശേഷം നിർത്തിവച്ചു. കിറ്റ് വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് 30000 രൂപ മുതൽ മൂന്നു ലക്ഷം രൂപവരെ കിട്ടാനുണ്ടെന്ന് സംഘടന പ്രസിഡന്റ് മുൻ എംഎൽഎ ജോണി നെല്ലൂർ പറഞ്ഞു. വകുപ്പ് മന്ത്രിയുമായി സംസാരിച്ചപ്പോൾ കിറ്റ് വിതരണം നടത്തിയത് സേവനമായി കണക്കാക്കണമെന്നാണ് പറഞ്ഞത്.
ഓണത്തിനു മുന്പ് 60 ലക്ഷം ഓണക്കിറ്റ് മാത്രമാണ് വിതരണം ചെയ്തതെന്നും ഓണം കഴിഞ്ഞാണു ബാക്കി കിറ്റ് വിതരണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിനു മുന്പ് റേഷൻ കടയിലെ ഇ പോസ് മെഷീനിൽ കിറ്റ് സ്റ്റോക്ക് എത്തിച്ചതായി എൻട്രി രേഖപ്പെടുത്തിയെങ്കിലും എത്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ മോഹനൻപിള്ള, കോ ഓർഡിനേറ്റർ ഉണ്ണികൃഷ്ണപിള്ള, സംസ്ഥാന ട്രഷറർ ഇ. അബൂബേക്കർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പോത്തൻകോട് ജയകുമാർ എന്നിവർ പങ്കെടുത്തു.