കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (സെപ്റ്റംബർ 1) മുതൽ ആഴ്ചയിൽ ആറ് ദിവസം നടക്കും. തിങ്കൾ-വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ- സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ-അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം), വ്യാഴം കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം), വെള്ളി നിർമ്മൽ (ഒന്നാം സമ്മാനം 70 ലക്ഷം, ശനി കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), എന്നീ ഭാഗ്യക്കുറികളാണ് ഇന്ന് മുതൽ ഉണ്ടാവുക. ഓരോ ടിക്കറ്റിനും 40 രൂപയാണ് വില. ഈ മാസം 19 ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപ.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവന്നതിനെ തുടർന്ന് വിൻവിൻ, അക്ഷയ, നിർമ്മൽ ഭാഗ്യക്കുറികൾ മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇവ 96 ലക്ഷം ടിക്കറ്റുകൾ വരെ വിറ്റഴിഞ്ഞിരുന്നു. ആഴ്ചയിൽ ആറ് ദിവസം നറുക്കെടുപ്പാകുന്നതോടെ ഓരോ ടിക്കറ്റും 90 ലക്ഷം വരെ അച്ചടിക്കാൻ ഓർഡർ നൽകിയിട്ടുണ്ട്. വിൽപ്പനയുടെ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ച് ഏതാനം ദിവസങ്ങൾക്കകം അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ കൃത്യത വരുത്തും.
തിരുവോണം ബമ്പർ ഭാഗ്യക്കുറി 36 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇതുവരെ 31.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. മുൻ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു. ഇക്കൊല്ലം 54 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാവുന്ന വിധത്തിലാണ് സമ്മാന ഘടന രൂപീകരിച്ചിട്ടുള്ളത്.
ആഴ്ചയിൽ ആറ് നറുക്കെടുപ്പുകൾ ആകുന്നതോടെ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടിക്കറ്റുകൾ വിൽക്കണമെന്നാണ് ലോട്ടറി വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം. തുടർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി ആവശ്യമായ ഘട്ടങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും മാറ്റങ്ങളും വരുത്തും.
previous post