കേളകം: ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും 7, 9, 10, 11 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി ടി അനീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഈ നാല് വാർഡുകളിലെ സ്ഥാപനങ്ങൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെ മാത്രമേ തുറക്കാൻ പാടുള്ളു. ഈ വാർഡുകളിൽ തൊഴിലുറപ്പ് പ്രവർത്തനം സെപ്റ്റംബർ 5 വരെ നിർത്തിവെക്കാൻ തീരുമാനിച്ചു. പ്രസ്തുത വാർഡുകളിലെ ആരാധനാലയങ്ങൾ ഈയാഴ്ച്ച തുറക്കാൻ പാടില്ല. പഞ്ചായത്തിലെ കടകളിൽ നിൽക്കുന്ന ജീവനക്കാരും, ചുമട്ടു തൊഴിലാളികളും, ഓട്ടോ ടാക്സി ഡ്രൈവർമാരും വാക്സിൻ എടുത്ത രേഖയോ ആർ ടി പി സി ആർ നെഗറ്റീവ് രേഖയോ കൈയിൽ സൂക്ഷിക്കേണ്ടതാണ്. പോലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റിന്റെയും പരിശോധന കർശനമാക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, കേളകം സി ഐ സതീശൻ പി ആർ, സെക്റ്ററൽ മജിസ്‌ട്രേറ്റ് ജെക്സിൻ ടി ജോസ്, വില്ലേജ് ഓഫീസർ ഇ രാധ, പഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ്, ജെ എച്ച് ഐ ഇർഷാദ് പി പി മറ്റ് സേഫ്റ്റി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.