കേളകം: ഒരു കാലത്ത് നാട്ടിന്‍പുറത്ത് അദ്ഭുതകാഴ്ചയായിരുന്ന മയിലുകൾ ഇപ്പോൾ ഗ്രാമങ്ങളില്‍ മാത്രമല്ല ടൗണുകളിലും സാധാരണ കാഴ്ചയായി. മുമ്പ് വനാതിർത്തി ഗ്രാമങ്ങളിൽ മാത്രമാണ് മയിലുകളെ കണ്ടിരുന്നതെങ്കിൽ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതു മൂലം ഭക്ഷണംതേടി ഇവ ജനവാസ മേഖലയിലേക്കിറങ്ങി. കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇപ്പോൾ മയിലുകൾ വ്യാപകമായ ശല്യമാണ്. നാട്ടിൽ സ്ഥിരതാമസമാക്കിയവയും നിരവധി. വീട്ടിലെ കുട്ടികളെ പോലും ഇവ ആക്രമിക്കാനും മുതിരുന്നു. കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന മയിലുകൾ നെല്ലും പച്ചക്കറികളും ഭക്ഷണമാക്കുകയാണ്. മിത്രകീടങ്ങളേയും ഭക്ഷിക്കുന്ന ഇവ മലയോരത്തെ കാർഷികമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ദേശീയപക്ഷിയായതുകൊണ്ടു തന്നെ ഇവയ്ക്കെതിരേയുള്ള അക്രമണം അതീവ കുറ്റകരമാണ്. പണ്ട് ക്ഷാമത്തിന്റെ ലക്ഷണമായാണ് മയിലിന്റെ വരവിനെ കണ്ടിരുന്നത്.