കേരളത്തില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകള്‍ക്കും ഹോമിയോ ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്സ്റ്റിറ്റ്യൂഷന് ഓഫ് ഹോമിയോപത്സ് കേരള നല്കിയ നിവേദനം നാലാഴ്ചയ്ക്കകം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
കോവിഡ് ചികിത്സയ്ക്കു ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കാമെന്നു കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സര്‍ക്കുലറുകളും മാര്‍ഗ നിര്‍ദേശവും നിലവിലുണ്ട്.
കോവിഡിനെ പ്രതിരോധിക്കാനും രോഗം ശമിപ്പിക്കാനും ഹോമിയോപ്പതിക്കു കഴിയുമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാണെന്നു സുപ്രീംകോടതിയും നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കാത്തതു നിയമവിരുദ്ധമാണ്.
തമിഴ്നാട്ടില്‍ കോവിഡ് രോഗികള്‍ക്കു ചികിത്സ നല്കാന് ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളിലും ക്ലിനിക്കുകളിലും ആശുപത്രികളിലും കോവിഡ് ചികിത്സ നല്കാന് ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മേയ് 21ന് നല്കിയ നിവേദനം പിന്നീട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഈ നിവേദനം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു നാലാഴ്ചയ്ക്കകം നിവേദനം പരിഗണിച്ചു തീരുമാനമെടുക്കാന്‍ കോടതി ഉത്തരവിട്ടത്.