ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിർധന കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം നൽകാനുള്ള ജലവിഭവ വകുപ്പിന്റെ പദ്ധതി ‘സ്നേഹ തീർഥം’ നാളെ ഉദ്ഘാടനം ചെയ്യും.എൻജിനിയേഴ്സ് ഫെഡറേഷൻ ഓഫ് കേരള വാട്ടർ അഥോറിറ്റിയും റോട്ടറി ഇന്റർനാഷണലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം വെട്ടുകാടുള്ള സെറിബ്രൽ പാൾസി രോഗം ബാധിച്ച കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. വഞ്ചിയൂരിൽ സമാന സാഹചര്യത്തിൽ കഴിയുന്ന മറ്റൊരു കുടുംബത്തിനുള്ള കണക്ഷനും നൽകും.
സംസ്ഥാനത്ത് ഇത്തരത്തിൽ ആയിരത്തോളം കുടുംബങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. 5,000 മുതൽ 10,000 രൂപ വരെയാണ് ഒരു കണക്ഷന് വേണ്ടിവരുന്നത്. ഇത്തരം കണക്ഷനുകൾക്ക് വാട്ടർ ചാർജും ഒഴിവാക്കി നൽകും. നിലവിൽ കുട്ടികളുടെ ചികിത്സയ്ക്കായിതന്നെ വലിയതുക ചെലവഴിക്കുന്ന കുടുംബങ്ങൾക്ക് ഇതു വലിയ ആശ്വാസമായിരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംഘടനയുടെ പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും. നിലവിൽ വാട്ടർ കണക്ഷനുള്ള ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബത്തിന് വാട്ടർ ചാർജ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.